സാവോപോളോ: 245 പേര് കൈകോര്‍ത്തു പിടിച്ച് മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിനു മുകളില്‍നിന്ന് താഴേക്കു ചാടിയപ്പോള്‍ അത് റെക്കോര്‍ഡിലേയ്ക്കുള്ള കുതിപ്പായിരുന്നു. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍നിന്ന് ഒരുമിച്ചു ചാടി റെക്കോര്‍ഡിട്ടത്.
ഓരോരുത്തരും നീളമുള്ള നൈലോണ്‍ കയര്‍ ശരീരത്തില്‍ ഉറപ്പിച്ച്, കൈകോര്‍ത്തുപിടിച്ച് പാലത്തില്‍ നിരന്നുനിന്ന ശേഷമാണ് താഴേയ്ക്ക് ചാടിയത്. പിന്നീടവര്‍ കയറില്‍ തൂങ്ങിക്കിടന്ന് പെന്‍ഡുലം പോലെ ആടി. കാഴ്ചക്കാര്‍ അമ്ബരന്നുനിന്നു.
എന്നാൽ, ഈ ചാട്ടം ഗിന്നസ് റെക്കോര്‍ഡ് ആവുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. 2016ല്‍ ഇതേ പാലത്തില്‍നിന്ന് ചാടിയ 149 പേര് സ്ഥാപിച്ച അനൗദ്യോഗിക റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തു. കൗതുകകരമായ ആ കാഴ്ച ഇപ്പോള്‍ വൈറലാകുകയാണ്.