അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശു ക്രിസ്തുവിനെ മാതൃകയാക്കി കേരളത്തിലെ ഭക്ഷണസംസ്കാരത്തിന് പുതിയൊരു നിര്‍വചനം നല്‍കിയിരിക്കുകയാണ് ‘അഞ്ചപ്പം’. അന്നവും അക്ഷരവും ആദരവോടെ എന്ന ഉപശീര്‍ഷകത്തില്‍ ആരംഭിച്ച ‘അഞ്ചപ്പം’ ഭക്ഷണശാലകള്‍ ഇന്ന് വളരെയധികം പ്രശസ്തി നേടി കഴിഞ്ഞു. ഭക്ഷണത്തോടൊപ്പം ഒരു നല്ല സംസ്്കാരവും ഉണ്ടാക്കിയെടുക്കുവാനാണ് സംഘാടകരുടെ ശ്രമം. വലിയ ലക്ഷ്യത്തോടെ ആരംഭിച്ച ‘അഞ്ചപ്പം’ എന്ന ഭക്ഷണ ശാലയ്ക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനായി. സാധാരണകാര് മുതല്‍ സെലിബ്രിറ്റികള്‍ വരെ ‘അഞ്ചപ്പ’ത്തിലെത്തി ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ മടങ്ങുന്നു.
അന്നം മാത്രമല്ല അക്ഷരവും നല്ല രുചിയോടെയും ചൂടോടെയും ‘അഞ്ചപ്പ’ത്തില്‍ വിളമ്പും. ‘അഞ്ചപ്പ’ത്തിന്റെ ഓരോ ഔട്ട്ലെറ്റും ഓരോ ലൈബ്രറിയുമാണ്. ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ആളുകളുടെ എണ്ണവും പുതുതായി രൂപപ്പെടുന്ന ഔട്ട്ലെറ്റുകളും ‘അഞ്ചപ്പ’ത്തെ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവായി സംഘാടകര്‍ ചൂണ്ടികാട്ടുന്നു.
സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍
എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ സ്വപ്ന പദ്ധതിയായിരുന്നു ‘അഞ്ചപ്പം’. ചില സുഹൃത്തുകളും ഒപ്പം ചേര്‍ന്നതോടെ ‘അഞ്ചപ്പം’ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 2016 ലാണ് ‘അഞ്ചപ്പ’ത്തിന് തുടക്കമിടുന്നത്. തുടക്കത്തില്‍ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. ബേബി സാം സാമുവല്‍, പത്തനംതിട്ട കാതോലിക്ക കോളേജ് അധ്യാപിക ഡോ. എലിസബത്ത്, ഫാ. ലൗവിന്, കോഴഞ്ചേരി സെന്റ് ജോസഫ് കോളേജിലെ അധ്യാപകന് ജോര്‍ജ്ജ് അലക്സ് എന്നിവരാണ് ഉണ്ടായിരുന്നത്. പിന്നീട് ചാര്‍ട്ടഡ് അക്കൗണ്ടന്റായ അനിലും ഇവരോടൊപ്പം ചേര്‍ന്നു. 2016 കോഴഞ്ചേരിയിലായിരുന്നു ആദ്യമായി ‘അഞ്ചപ്പം’ ഭക്ഷണശാല സ്ഥാപിച്ചത്. തുടക്കത്തില്‍ ചെറിയൊരു ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആശയം വ്യക്തമാക്കിയപ്പോള്‍ എല്ലാവരും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് ഓരോ വര്‍ഷവും ഔട്ട്ലെറ്റുകളുടെ എണ്ണം കൂടി വരുകയായിരുന്നുവെന്ന് അഞ്ചപ്പത്തിന്റെ ചെയര്മാന് ബേബി സാം സാമുവല്‍ പറയുന്നു.
അഞ്ചപ്പം: വ്യത്യസ്ഥമായൊരു സേവന സംരംഭം
സാധാരണ കര്ഷകന് മുതല്‍ ഓരോ ജനങ്ങളേയും സ്വാധീനിക്കുന്ന ആശയമാണ് അഞ്ചപ്പത്തിന്റേത്. ഈ ഭക്ഷണശാലയില്‍ പോയാല്‍ നിങ്ങള്‍ക്ക് വയറ് നിറയെ ഭക്ഷണം കഴിക്കാം. കീശയില്‍ പണം വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വിശക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഇവിടേയ്ക്കു കയറി ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല.
ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സ്ഥലത്താണ് കൗണ്ടര്‍. ബില്ലൊന്നുമില്ല. പണം വാങ്ങാന്‍ ആളുമില്ല. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ തുക ഇവിടെ നിക്ഷേപിക്കാം. സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു സംവിധാനം. ഭക്ഷണം ഒരു വ്യക്തിയുടെ അവകാശമാണെന്ന വിശ്വാസമാണ് ഇതിലേക്ക് നയിച്ചത്.
ഭക്ഷണം കഴിച്ചതിന് ശേഷം പുറത്ത് വെച്ചിരിക്കുന്ന പെട്ടിയില്‍ പണം നിക്ഷേപിക്കുക. എത്ര പണം വേണമെങ്കിലും ആളുകള്‍ക്ക് നിക്ഷേപിക്കാം. ഇട്ടില്ലെങ്കിലും കുഴപ്പമില്ല. ഒരു ഊണിന്റെ തുക ഇടുന്നവരുണ്ട്. ഒരൂണ് കഴിച്ചിട്ട് രണ്ടോ മൂന്നോ ഊണിന്റെ തുക ഇടുന്നവരുണ്ട്. 40- 50 ശതമാനം പേരും പണമൊന്നും ഇടാറില്ല. എങ്കിലും ഭക്ഷണം കഴിച്ച് സംതൃപ്തരായി എല്ലാവരും മടങ്ങും. രാവിലെ 11 മണി മുതല്‍ ‘അഞ്ചപ്പ’ത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലായിടത്തും ഉച്ചയൂണിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
അഞ്ചപ്പം പ്രവര്ത്തിക്കുന്നയിടങ്ങള്
2016ല്‍ കോഴഞ്ചേരിയില്‍ ആരംഭിച്ച അഞ്ചപ്പം ഭക്ഷണശാലയുടെ എണ്ണം മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് ഔട്ട്ലെറ്റായി വര്‍ദ്ധിപ്പിച്ചു. 2017ല്‍ റാന്നി, 2018ല്‍ നെയ്യാറ്റിന്‍കര, ചങ്ങനാശേരി, 2019 കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ഔട്ട്ലെറ്റുകള് തുടങ്ങി. തിരുവനന്തപുരം, കൊട്ടാരക്കര, തിരുവല്ല, ചെങ്ങന്നൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ഔട്ട്ലെറ്റുകള് തുടങ്ങാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
ലക്ഷ്യം ജില്ലയില്‍ മൂന്നെണ്ണം വീതം
ഓരോ ജില്ലയിലും മൂന്ന് ഔട്ട്ലെറ്റുകള് വീതം തുടങ്ങുവാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ഔട്ട്ലെറ്റുകള്ക്കുംകൂടി ഒരുൂ സെന്‍ട്രല്‍ അടുക്കള സ്ഥാപിച്ച ശേഷം അവിടെ ഭക്ഷണം പാചകം ചെയ്ത് ഔട്ട്ലെറ്റിലെത്തിച്ച് വിതരണം ചെയ്യുക എന്നതാണ് ഉദ്ദേശം. പത്തനംതിട്ടയില്‍ സെന്‍ട്രല്‍ അടുക്കള വഴിയാണ് പ്രവര്‍ത്തനം. മറ്റ് ജില്ലകളില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള് ആരംഭിക്കാന്‍ കഴിയുന്നതോടെ സെന്‍ട്രല്‍ അടുക്കളയെന്ന ലക്ഷ്യത്തിലേയ്ക്ക് കടക്കാന്‍ കഴിയും.
ഗുണമേന്മയില് വിട്ടുവീഴ്ചയില്ല
അഞ്ചപ്പമുള്ള സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ വിശന്ന് വലഞ്ഞ് ആരും പോകാന്‍ പാടില്ലെന്നതാണ് ആദ്യത്തെ ലക്ഷ്യം. എന്നാല്‍ അതിന്റെപേരില്‍ ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ഇവര്‍ തയ്യാറല്ല. ഏറ്റവും വൃത്തിയുള്ള സാഹചര്യങ്ങളില്‍ ഏറെ രുചികരമായാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണത്തിന്റെ രുചിയും മികവും കൊണ്ട് വിദൂരങ്ങളില്‍ നിന്നുപോലും നിരവധി പേര് ഭക്ഷണം കഴിക്കാനായി അഞ്ചപ്പത്തിന്റെ ഔട്ട്ലെറ്റുകള് അന്വേഷിച്ച് എത്തുന്നുണ്ട്. ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രശസ്തരായവരും കേട്ടറിഞ്ഞ് അഞ്ചപ്പത്തില്‍ വരുന്നു.
ഒരു ബദല്‍ ഭക്ഷണ സംസ്കാരമാണ് അഞ്ചപ്പത്തിലൂടെ ലക്ഷ്യമിടുന്നത്. വൈകുന്നേരങ്ങളില്‍ ഭക്ഷണത്തോടൊപ്പം വായനയും അഞ്ചപ്പത്തില്‍ സാധ്യമാണ്. എല്ലാ ഔട്ട്ലെറ്റുകളിലും ഇതിനുള്ള പുസ്തകങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
പിന്തുണയുമായി വോളന്റിയര്‍ ഗ്രൂപ്പുകള്‍
പ്രാദേശികമായ വോളന്റിയര്‍ ഗ്രൂപ്പുകളാണ് അഞ്ചപ്പത്തിന്റെ ഔട്ട്ലെറ്റുകളിലെ കാര്യങ്ങള്‍ നോക്കുന്നത്. 8 -10 ആളുകളാണ് വിളമ്പുന്നതിനും മറ്റുമായി ദിവസേന എത്തുന്നത്. വിദ്യാര്‍ത്ഥികളും സേവന സന്നദ്ധരായി അഞ്ചപ്പത്തില്‍ സഹായിക്കാനായി എത്തുന്നു. ജോലി ചെയ്യുന്ന ഈ വോളന്റിയര്‍മാര്‍ സേവനം ജീവിതമാക്കി എടുത്തവരാണ്. താത്പര്യമുണ്ടെങ്കില്‍ അടുക്കളയിലും സഹായിക്കുകയും ചെയ്യാം. ആരും തടയില്ല. സന്തോഷത്തോടെ ഒപ്പം കൂട്ടും. അതേ സമയം പാചകത്തിനായി സ്ഥിരം ജോലിക്കാരുമുണ്ട്.
കര്‍ഷകരേയും സഹായിക്കുന്ന സങ്കല്‍പ്പം
ഇടനിലക്കാരെ ഒഴിവാക്കി ജൈവ പച്ചക്കറികള്‍ നേരിട്ട് ശേഖരിക്കുകയാണ് അഞ്ചപ്പത്തിന്റെ രീതി. സെന്‍ട്രല്‍ അടുക്കളയിലേയ്ക്കുള്ള പച്ചക്കറികളും മറ്റും പ്രാദേശികമായാണ് ശേഖരിക്കുന്നത്. അതുവഴി ജൈവപച്ചക്കറികള്‍ പരമാവധി അഞ്ചപ്പത്തില്‍ ലഭ്യമാകും.
ഇത്തരം ഔട്ട്ലെറ്റുകളിലേയ്ക്ക് പച്ചക്കറികള്‍ സ്ഥിരമായി നല്കുവാന് സാധിച്ചാല്‍ കര്‍ഷകര്‍ ഏറെ ഉത്സാഹത്തോടെ കൃഷിയെ സമീപിക്കുമെന്നതും ഇത്തരം ബിസിനസ് പദ്ധതികളുടെ മറ്റൊരു പ്രയോജനമാണ്. രാസ കീടനാശിനികള്‍ പരമാവധി ഒഴിവാക്കി ജൈവ രീതിയിലുള്ള കീടനാശിനികള്‍ കൃഷിയില്‍ പ്രയോഗിക്കുന്ന ഒരു കാലഘട്ടമാണിത്. ജൈവ കൃഷിയുടെ പ്രാധാന്യം കര്‍ഷകര്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ അഞ്ചപ്പം പോലുള്ള ഔട്ട്ലെറ്റുകളിലൂടെ കഴിയുമെന്ന് ബേബി സാം സാമുവല്‍ പറയുന്നു. ജൈവകൃഷി ജനകീയമാക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്.
ഏതൊരു വിപണിയേയും പോലെ ഇടനിലക്കാരുടെ പ്രവര്‍ത്തനം പച്ചക്കറികളുടെ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഇത് മറികടക്കാനാണ് ഇടനിലക്കാരെ ഒഴിവാക്കി സംഘാടകര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങുന്നത്. അതിലൂടെ കുറഞ്ഞ നിരക്കില്‍ അഞ്ചപ്പത്തിന് പച്ചക്കറികള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വില ലഭിക്കുകയും ചെയ്യുന്നു.
വര്‍ദ്ധിച്ചു വരുന്ന പിന്തുണ
അഞ്ച് ഔട്ട്ലെറ്റുകളിലായി ദിനം പ്രതി 650- 700 പേര് ഭക്ഷണം കഴിക്കാനായി എത്തുന്നുണ്ടെന്ന് സംഘാടകര്‍ പറയുന്നു. ദിനം പ്രതി അഞ്ചപ്പത്തിലേയ്ക്ക് പുതിയ പുതിയ ആളുകള്‍ എത്തുന്നു. ഇത് എന്തു കൊണ്ടും ഗുണപ്രദമാണ്. വിദൂര ദിക്കുകളില്‍ നിന്ന് പോലും കേട്ടറിഞ്ഞ് സംരംഭത്തില്‍ പങ്കാളികളാകാന്‍ എത്തുന്നവരുണ്ട്. ഇത്തരം ആളുകളുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് അഞ്ചപ്പത്തിന്റെ ഔട്ട്ലെറ്റ് മൂന്ന് വര്‍ഷം കൊണ്ട് അഞ്ചെണ്ണമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞതെന്ന് സംഘാടകര്‍ പറയുന്നു. കൂടുതല്‍ ഇടങ്ങളില്‍ പുതിയ ഔട്ട്ലെറ്റുകള് തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് അഞ്ചപ്പത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ പലപ്പോഴും സംഘാടകര്‍ക്ക് കരുത്ത് നല്‍കിയിട്ടുണ്ട്. അഞ്ചപ്പത്തില്‍ നിന്നും ഭക്ഷണം കഴിച്ചുമടങ്ങുന്നവരുടെ മൗത്ത് പബ്ലിസിറ്റിയ്ക്ക് അപ്പുറം മറ്റുതരത്തിലുള്ള പ്രചരണങ്ങളോ പരസ്യങ്ങളോ അഞ്ചപ്പത്തിനില്ല. ലളിതവും നിശബ്ദവുമായാണ് അഞ്ചപ്പം മുന്നോട്ട് പോകുന്നത്. വിദേശ ഫണ്ടുകളില്ല, വലിയ കമ്പനികളോ ആളുകളോ അഞ്ചപ്പത്തിനെ ഫണ്ട് ചെയ്യുന്നില്ല, ഏതെങ്കിലും മത- രാഷ്ട്രീയ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്ല. വ്യക്തിപരമായി ആളുകള്‍ നല്കുന്ന സംഭാവനകളാണ് അഞ്ചപ്പത്തിന്റെ ശ്രോതസ്. മാസം നൂറ് രൂപ മുതല്‍ കൃത്യമായി തരുന്നവരുണ്ട്. ഓട്ടോ തൊഴിലാളികളുടെ പിന്തുണ ചിലപ്പോള്‍ ഞെട്ടിച്ചിട്ടുണ്ട്. അവര്‍ വീട്ടിലുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും അഞ്ചപ്പത്തിനായി കൊണ്ടു വന്ന് തരാറുണ്ട്, അവരുടെ ചെറിയ വരുമാനത്തിന്റെ ഒരു വിഹിതം സംഭാവന ചെയ്യാറുണ്ട്. അങ്ങനെ കൂട്ടായ്മയുടെ കൊച്ചു കൊച്ചു സംഭാവനകളാണ് അഞ്ചപ്പത്തിന്റെ വിജയത്തിന് പിന്നില്‍.
അഞ്ചപ്പമെന്ന സാസ്കാരിക കേന്ദ്രം
മികച്ചൊരു സാംസ്കാരികകേന്ദ്രം കൂടിയായി വളരുകയാണ് അഞ്ചപ്പം. അഞ്ചപ്പത്തിന്റെ ഓരോ ഔട്ട്ലെറ്റുകളിലും ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. അങ്ങനെ ഓരോ ജില്ലയിലും മൂന്ന് വ്യത്യസ്ഥമായ സാംസ്കാരിക ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയും. അതിന്റെ ഭാഗമെന്നോണമാണ് ആരംഭിച്ചപ്പോള്‍ തന്നെ അഞ്ചപ്പത്തിന്റെ ഭാഗമായി ലൈബ്രറികളും സജ്ജമാക്കിയത്.
അതാത് സ്ഥലങ്ങളില്‍ സായാഹ്നങ്ങളിലെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണ് അഞ്ചപ്പം. ചില ഔട്ട്ലെറ്റുകളില് തെരുവ് നാടകങ്ങള്‍ അരങ്ങേറാറുണ്ട്. ചിലയിടത്ത് മറ്റ് സാംസ്കാരിക പരിപാടികളും. ഇത് കൂടാതെ ഓരോ ഔട്ട്ലെറ്റുകളും ഓരോ കൗണ്‍സിലിങ് സെന്ററുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇവിടെ ക്ലാസുകളും മറ്റും ഏര്‍പ്പെടുത്താനാണ് പദ്ധതി. ശിഥിലമായ മനസുകളെ നേര്‍വഴിയ്ക്ക് നയിക്കാന്‍ ഇതുവഴി കഴിയും. ഇതോടെ ഭക്ഷണശാല എന്നതിനപ്പുറം മലയാളികള്‍ക്ക് സുഖകരമായ ജീവിതം പ്രദാനം ചെയ്യുവാനാണ് ഓരോ അഞ്ചപ്പത്തിന്റേയും ലക്ഷ്യം.
മുതിര്‍ന്ന പൗരന്മാര്ക്ക് വൈകുന്നേരങ്ങളില്‍ വന്നിരിക്കാന്‍ കഴിയുന്ന ഒരിടമായി അഞ്ചപ്പം ഇതിനകം മാറിക്കഴിഞ്ഞു. കൂട്ടുകൂടി വര്‍ത്തമാനം പറഞ്ഞ് ജീവിത സായാഹ്നങ്ങളില്‍ പുത്തന്‍ ഉണര്‍വ്വ് വയോധികര്‍ക്ക് നല്കാന് ഇതുവഴി കഴിയുന്നു. മലയാളികളുടെ സാംസ്കാരത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളും അഞ്ചപ്പം ഏറ്റെടുത്തിട്ടുണ്ട്. കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി വിതരണമാണ് ഇതിലൊന്ന്. എല്ലാ കര്‍ക്കിടക മാസത്തിലും കൃത്യമായി ഔട്ട്ലെറ്റുകളിലൂടെ മരുന്ന് കഞ്ഞികള്‍ വിതരണം ചെയ്യാറുണ്ട്. രാമായണപാരായണവും ഇവിടെ നടക്കുന്നു. ഇത് കേള്‍ക്കുന്നതിനായി നിരവധി പേരാണ് എത്തിച്ചേരുന്നത്.
സാഹിത്യകാരന്മാര്ക്ക് ഏറെ ഗുണപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇടം കൂടിയാണ് അഞ്ചപ്പം. അവരുടെ ക്ലാസുകളും സാഹിത്യ സംവാദങ്ങളും സൃഷ്ടികളുടെ പ്രകാശനവുമെല്ലാം അഞ്ചപ്പത്തില്‍ നടത്താന്‍ സംഘടിപ്പിക്കപ്പെടുന്നു.
ലാഭനഷ്ടം നോക്കാതെ പ്രവര്‍ത്തനം
പൊതുജനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിലേറെ മികച്ച പിന്തുണയാണ് അഞ്ചപ്പത്തിന് ലഭിക്കുന്നത്. രണ്ടരലക്ഷത്തിലധികം ആളുകള്‍ ഇതുവരെ ഇവിടെ നിന്നും ഭക്ഷണം കഴിച്ചുകഴിഞ്ഞു. ഇവിടെയെത്തുന്ന ആളുകള്‍ക്ക് ഏറെ ആദരവോടെയാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരോട് സംഘാടകര്‍ക്ക് ഒറ്റ അപേക്ഷ മാത്രം ‘ഭക്ഷണം പാഴാക്കരുതെന്ന് മാത്രം’.
ലാഭം ലക്ഷ്യമാക്കിയല്ല അഞ്ചപ്പം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചെലവുകള്‍ കുറക്കുകയും ഭക്ഷണം നല്‍കുന്നത് കൂട്ടുകയും ചെയ്താല്‍ നഷ്ടമില്ലാതെ അഞ്ചപ്പം പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഈ ഘട്ടത്തിലെത്തിയിട്ടില്ല. ഇതിനായി ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. എല്ലാ ജില്ലകളിലും മൂന്ന് ഔട്ട്ലെറ്റുകള് വീതമെങ്കിലും തുറക്കാന്‍ കഴിയുകയും സെന്‍ട്രല്‍ അടുക്കളകള്‍ പൂര്‍ണമായും സജ്ജമാവുകയും പച്ചക്കറികള്‍ മുഴുവനായി പ്രാദേശികമായി ശേഖരിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. സെന്‍ട്രല്‍ അടുക്കള വരുമ്പോള്‍ പാചകം ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. അതുവഴി ചെലവും കുറയും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ അഞ്ചപ്പം നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയൂ. വിശപ്പിന്റെ വിലയറിയുന്ന, മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഈ മണ്ണില്‍ നിലനില്‍ക്കേണ്ടത് ഈ സമൂഹത്തിന്റെ ആവശ്യമാണ്.