സോഷ്യൽ മീഡിയക്ക് ആപ്പിളിന്റെ പുതിയ സംഭാവന. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 11-നോടൊപ്പം ‘സ്ലോഫി’ എന്ന വാക്കും തരംഗമാവുകയാണ്. സെക്കൻഡിൽ 120 എഫ്.പി.എസ്. (ഫ്രെയിംസ് പെർ സെക്കൻഡ്) എന്ന നിരക്കിൽ ‘സ്ലോ മോഷനി’ലെടുക്കുന്ന സെൽഫികളെയാണ് ‘സ്ലോഫി’ എന്നുവിളിക്കുന്നത്. വീഡിയോയുടെ രൂപത്തിലാണ് ഇതുണ്ടാവുക. ചുരുക്കിപ്പറഞ്ഞാൽ സ്ലോ മോഷൻ സെൽഫി വീഡിയോയാണ് സ്ലോഫികൾ. നിലവിൽ ഐ ഫോൺ 11-ൽ മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. സ്ലോഫി പുറത്തിറക്കിയതിന് പിന്നാലെ ഈ വാക്കിന്റെ ട്രേഡ് മാർക്ക് സ്വന്തമാക്കാനിറങ്ങിയിരിക്കുകയാണ് ആപ്പിൾ. അതു ലഭിക്കുന്നതോടെ സ്ലോഫി സംവിധാനമുള്ള ക്യാമറകളെ ആ പേരുവിളിക്കാൻ മറ്റുകമ്പനികൾക്കു സാധിക്കാതെവരും. ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ മൂന്ന് പുതിയ ഐ ഫോൺ മോഡലുകളിലൊന്നിലാണ് ഈ അത്യാധുനിക ഫോട്ടോഗ്രാഫി സംവിധാനമുള്ളത്.