ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലി ഇനി ഓർമ മാത്രം..! മണ്മറയുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ആധുനിക മുഖങ്ങളിലൊന്ന്. രാഷ്ട്രീയ ഭേദമില്ലാതെ സുഹൃത്തുക്കളെ സംബന്ധിച്ച മികച്ചൊരു നേതാവിനെയാണ് അരുൺ ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത്.
പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം. ഡൽഹി സർവകലാശാലയിൽ വിദ്യാർഥി നേതാവായിരുന്നകാലം മുതൽ തുടങ്ങി , അടിയന്തിരാവസ്ഥയുടെ ഇരുണ്ടമാസങ്ങളിലും മുറുകെ പിടിച്ചു , ഒടുവിൽ അഭിഭാഷക ജീവിതത്തിൽ നിന്നു രാഷ്ട്രീയ ത്തിലേക്ക് കൂടുമാറുമ്പോഴും ഈ പറഞ്ഞ സൗഹൃദങ്ങളെല്ലാം അദ്ദേഹം നെഞ്ചോടു ചേർത്തുപിടിച്ചു. ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു ജെയ്റ്റലി.
എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിര നേതാവായി മാറുകയായിരുന്നു ജെയ്റ്റലി.അദ്ദേഹം ഒരിക്കലും ആർഎസ്എസിന്റെ ഒരു പ്രധാന അംഗമായിരുന്നില്ല. അതേസമയം, സംഘ്പരിവാറിന്റെ സഹയാത്രികനുമായിരുന്ന ജെയ്റ്റലി , ആർഎസ്എസിനെ വിമർശിക്കാനോ അപ്രീതി പിടിച്ചുപറ്റാനോ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടുമില്ല. ജെയ്റ്റലി എന്ന രാഷ്ട്രീയ നേതാവിന്റെ വലിയ വിജയം അതായിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായും മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും അരുണ്‍ ജെയ്റ്റലി പ്രവര്‍ത്തിച്ചിരുന്നു.
അടിയന്തരാവസ്ഥയ്ക്കു മുമ്പ് കരുതൽ തടങ്കലിലാക്കിയതിനെതുടർന്ന് 1975ൽ തീഹാർ ജയിലിലെത്തിയ ജെയ്റ്റ്ലി 19 മാസം അവിടെയുണ്ടായി. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളിൽ ഒന്ന്. ജെയ്റ്റ്ലിയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് തീഹാർ ജയിലിലാണ് എന്നു പറഞാലും തെറ്റില്ല.മോദിയുമായുള്ള അടുത്ത സൗഹൃദമായിരുന്നു അതിൽ പ്രധാനo. സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിലും നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലും അധികാരം സ്ഥാപിക്കാൻ അത് ജെയ്റ്റ്ലിയെ അത് സഹായിച്ചു.
2008ൽ കർണാടകത്തിൽ ബിജെപിയെ വിജയിപ്പിക്കുകവഴി ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനമില്ലെന്ന വിമർശകരുടെ നാവടപ്പിക്കാൻ അദ്ദേഹത്തിനായി. ഗുജറാത്തിൽ മൂന്ന് തിരഞ്ഞെടുപ്പ് വിജയങ്ങൾ മോദിക്ക് സമ്മാനിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബിജെപി യുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പല നിർണായക പരീക്ഷണങ്ങൾക്കും പിന്നീട് ചുക്കാൻ പിടിച്ചത് ജെയ്റ്റ്ലിയായിരുന്നു.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മാറ്റിമറിച്ച രണ്ട് നിര്‍ണായക തീരുമാനങ്ങള്‍ ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പിലാക്കിയത് ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു.
സുഷമ സ്വരാജിന്റെ മരണം നൽകിയ ഷോക്കിൽ നിന്നും മുക്തമാകുന്നതിന് മുൻപ് ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് ഉറച്ച നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്.