മസ്തിഷ്ക്ക വീക്കത്തെ തുടര്‍ന്ന് ബിഹാറില്‍ കുട്ടികളുടെ കൂട്ടമരണത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിഹാര്‍, യുപി സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. കൂട്ടമരണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ ഏഴ് ദിവസത്തിനകം ബിഹാര്‍ സര്‍ക്കാര്‍ അറിയിക്കണം. ഗുരുതരമായ പ്രശ്നമാണെന്നും അലംഭാവം തുടരുന്നത് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് മറുപടി വേണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. മരണം 150 കടന്ന അസാധാരണ സാഹചര്യത്തില്‍ വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കണമെന്നും വൈദ്യസഹായം ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബിഹാര്‍, യുപി സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രത്തിന്റെയും അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ഷവും മസ്തിഷ്ക്കവീക്കം കാരണമുള്ള കൂട്ടമരണം തുടരുകയാണെന്ന് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിജ് അജ്മാനി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞു.
500 തീവ്രപരിചരണ സംവിധാനവും 100 മൊബൈല്‍ സംവിധാനവും ഉടന്‍ ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സ നല്കാന് ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കാന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.