രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പൊതുമേഖല വളരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മാവേലി ആന്‍ഡ് മാര്‍ക്കറ്റിങ് ഇന്റെര്‍വെന്‍ഷന്‍ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചും സംരംഭകനും പിന്പോള് സ്ഥാപകനുമായ സി. ബാലഗോപാല്‍ സംസാരിക്കുന്നു. ഡി.സി ബുക്സ് ടൈ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മീറ്റ് അറ്റ് കഫേ എന്ന പരിപാടിയില്‍ നടന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഗുര്‍ചരണ്‍ ദാസിന്റെ പുസ്തകത്തില്‍ പറയുന്നത് ഇന്ത്യയില്‍ സോഫ്റ്റ്വെയര് വ്യവസായം വളര്‍ന്നത് ആ കാലഘട്ടത്തില്‍ ഗവണ്മെന്റ് ഉറങ്ങുകയായിരുന്നതുകൊണ്ടാണ് എന്നാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഗവണ്മെന്റ് സാമ്പത്തിക സംവിധാനങ്ങളില്‍നിന്നു വിട്ടുനിന്നാല്‍ മാത്രമേ സ്വകാര്യമേഖല വളരുകയുള്ളു. എന്നാല്‍ എന്തുകൊണ്ടാണ് പൊതുമേഖല നമ്മുടെ ജീവിതത്തില്‍ പ്രാധാന്യം ഉള്ളതാവുന്നത്?
ഇത്തരമൊരു പൊതുഅഭിപ്രായം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ഈ അഭിപ്രായത്തെ പൂര്‍ണ്ണമായി പിന്താങ്ങുന്നില്ല. ഇന്ത്യയില്‍ സോഫ്റ്റ്വെയര് സ്ഥാപനങ്ങളും ഐ.ടി. മേഖലയും ഒരു ദിവസം കൊണ്ടുണ്ടായതല്ല. പകരം അത്തരമൊരു വളര്‍ച്ചക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നതാണ് അതിന്റെ കാരണം. എന്തുകൊണ്ടാണ് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ഇത്തരം വികസനങ്ങള്‍ ഉണ്ടായത്? കാരണം അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, മാനവവിഭങ്ങള് ഉള്‍പ്പെടെയുള്ളവ ബാംഗ്ലൂരില്‍ ലഭ്യമായതുമൂലമാണ്. ഇത്തരം അടിസ്ഥാന സൗകര്യവിസനത്തിന് ഗവണ്മെന്റ് ഇടപെടേണ്ടത് ആവശ്യമാണ്. യു.എസ്. പോലുള്ള വികസിത രാജ്യങ്ങളില്‍പോലും സര്‍ക്കാരിന്റെ അഭാവത്തില്‍ ഇത്തരം ഒരു വളര്‍ച്ച അപ്രാപ്യമാണ്. മരിയാനാ മസുകാറ്റോയുടെ ‘ദി ഓണ്‍ട്രപ്രണോറിയല്‍ സ്റ്റേറ്റ്; ഡിബങ്കിങ് പബ്ലിക്ക് വേഴ്സസ് പ്രൈവറ്റ് സെക്റ്റര്‍ മിത്ത്സ്’ എന്ന പുസ്തകത്തില്‍ എന്തെല്ലാമാണ് സിലിക്കണ്‍ വാലിയുടെ വളര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങളെന്ന് വിശദീകരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പോലെയുള്ള എല്ലാവര്ക്കും അറിവുള്ള ഘടകങ്ങള്ക്കുപ്പുറം പൊതുമേഖലാസ്ഥാപനങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഇത്തരം ഒരു വളര്‍ച്ചക്ക് കാരണമായി. ഡി.എ.ആര്.പി.എ, എ.ആര്.പി.എ, നാഷണല്‍ സയന്‍സ് ഫൗണ്ടേഷന് പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പും നിക്ഷേപങ്ങളുമാണ് സിലിക്കണ്‍ വാലിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമൊരുക്കിയത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ മാത്രം നിക്ഷേപം നടത്തുന്നതാണ് ഉത്തമം എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. സ്വകാര്യമേഖലയ്ക്ക് മാത്രമേ ഇന്ത്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുവാന് സാധിക്കു എന്ന ആശയമാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.
എന്നാല്‍ ഇന്ന് ലോകത്തെ എല്ലാ സാമ്പത്തികശക്തികളും റിസര്‍ച്ചിനും ഡവലപ്പ്മെന്റിനും വേണ്ടി പൊതുമേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നു എന്നതാണ് വാസ്തവം. സ്വകാര്യമേഖലയ്ക്ക് അമിതപ്രാധാന്യം കൊടുത്താല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയുണ്ടാകൂ എന്ന നുണപ്രചരണം ഐ.എം.എഫ് ലോക ബാങ്ക് പോലുള്ള ഓര്‍ഗനൈസേഷനുകളും നടത്തിപ്പോരുന്നു. ഇത്തമൊരു അമിതപ്രാധാന്യം സ്വകാര്യമേഖലയ്ക്ക് ലഭിക്കുക വഴി ഇന്ത്യ സാങ്കേതികവിദ്യകളുടെ ഉപഭോക്താവ് മാത്രമാവുകയാണ്. മറ്റു രാജ്യങ്ങളെ നാം എന്നും ആശ്രയിക്കേണ്ടിവരുന്നു.
നമുക്ക് ഒന്നിലധികം ഇന്ത്യകളുണ്ട്. അതിസമ്പന്നരുടെ ചെറിയ ഇന്ത്യയും അതിദരിദ്രരുടെ വലിയ ഇന്ത്യയും. അതില്‍ വലിയ ഇന്ത്യയ്ക്ക് ഗവണ്മെന്റിനെ ആവശ്യമുണ്ട്. പൊതുവിതരണം, പൊതുവിദ്യാഭ്യാസം, പൊതുആരോഗ്യമേഖല ഇവയെല്ലാം നിലനില്‍ക്കേണ്ടത് ഈ വലിയ ഇന്ത്യയുടെ ആവശ്യമാണ്.
താങ്കളുടെ പുസ്തകത്തില്‍ പ്രധാനമായും പൊതുവിതരണ മേഖലയെ പറ്റിയാണല്ലോ പ്രതിപാദിക്കുന്നത്. കേരളത്തിന്റെ ഒരുകാലത്തെ പൊതുവിതരണമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പൊതുവിതരണമേഖലയെപ്പറ്റി, അതിന്റെ ആവശ്യകതയെപ്പറ്റി വിശദീകരിക്കാമോ?
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പൊതുവിതരണരംഗത്തെ കണക്കാക്കുന്നത് സ്റ്റാറ്റിയൂട്ടറി റേഷനിങ് എന്ന തലത്തില്‍ മാത്രമാണ്. ക്ഷാമകാലത്തും മറ്റും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പൂര്‍ണ്ണമായും ഇതിനെ ഉപയോഗിച്ചുപോരുന്നത്. ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ, പഞ്ചസാര മുതലായ ആവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്നതുമാത്രമാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ 1980-ല്‍ കേരളത്തില്‍ പൊതുവിതരണത്തിന്റെ മറ്റൊരു മുഖമാണ് നാം കണ്ടത്. അന്ന് മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍നായര്‍ ആണ് ഈ വ്യത്യസ്ത പ്രവര്‍ത്തനത്തിനായി പൊതുവിതരണ മേഖലയെ സജ്ജമാക്കിയത്. അദ്ദേഹത്തിന്റെ ഒപ്പം ഒരു ജൂനിയര്‍ സ്റ്റാഫായി ഞാനും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. ഒരു നല്ല സാമ്പത്തിക ശാസ്ത്രജ്ഞനും ക്രാന്തദര്‍ശിയായ പ്രയോഗിക രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം. കാരണം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യമായിരുന്നു ഭക്ഷ്യരംഗത്ത് അന്ന് കേരളത്തില്‍ നിലനിന്നിരുന്നത്. ഇവിടുത്തെ ഭക്ഷ്യഉത്പാദനം ആവശ്യത്തിലും കുറവായിരുന്നു. നമ്മുടെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വലിയതോതില്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ അശാസ്ത്രീയമായ വിതരണരീതികളാലും ഇടനിലക്കാരുടെ അതിപ്രസരം കാരണവും വലിയ വില നല്‍കിയാണ് സാധാരണക്കാര്‍ അരി വാങ്ങിയിരുന്നത്. ഇതോടൊപ്പം നെല്‍കൃഷി ചെയ്തിരുന്ന ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക കൂടി ചെയ്തപ്പോള്‍ ഉത്പാദനം വളരെ അധികം കുറയുകയും വിലക്കയറ്റം തീവ്രമാവുകയും ഉണ്ടായി.
ഇവിടെ വന്കിടവ്യാപാരികള്പോലും ഇടനിലക്കാര്‍ മാത്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. വിലക്കുറവുള്ള കൊയ്ത്ത് കാലയളവില്‍ സംഭരിച്ച് വെക്കുവാനും കൂടുതല്‍ ആവശ്യസമയങ്ങളില്‍ വില്‍ക്കുവാനും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഒരു ഏജന്‍സി എന്ന രൂപത്തിലാണ് ഇ ചന്ദ്രശേഖരന് നായരുടെ കാലത്ത് സപ്ലൈകോയെ ഉപയോഗിക്കുന്നത്. എന്നാല്‍ സ്വകാര്യ കച്ചവടക്കാര്‍ ഇതിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. സര്‍ക്കാരിന്റെ ഈ ഇടപെടലിനോട് സഹകരിക്കുവാന്‍ അവര്‍ വിസമ്മതിച്ചു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു തൃശ്ശൂര്വച്ച് നടന്ന ഒരു മീറ്റിങ്ങിലാണ് മന്ത്രിയായിരുന്ന ചന്ദ്രശേഖരന് നായര്‍ സ്വകാര്യവ്യാപാരികളോട് സംസാരിക്കുന്നത്. ‘നിങ്ങള്‍ സര്‍ക്കാരിനെ വിപണനമേഖലയിലേക്കിറങ്ങാന് പ്രേരിപ്പിക്കുകയാണ്” എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ”സര്‍ക്കാര്‍ അരിക്കച്ചവടത്തിന് ഇറങ്ങാന്‍ പോവുകയാണോ?” എന്ന് ചോദിച്ചവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ‘മാവേലിയാവാന്‍’ ശ്രമിക്കുകയാണോ എന്ന് ചോദ്യത്തില്‍നിന്നാണ് മാവേലിസ്റ്റോറുകള്‍ രൂപപ്പെട്ടത്.
അങ്ങനെ അരി കച്ചവടത്തിലേക്ക് സര്‍ക്കാര്‍ സപ്ലൈകോയുടെ രൂപത്തില്‍ ഇറങ്ങുകയായിരുന്നു. വിലക്കുറവുള്ള കാലയളവില്‍ അരി സംഭരിച്ച് വിലക്കൂടുതല്‍ ഉള്ളപ്പോള്‍ വിപണിയില്‍ എത്തിച്ച് വില സന്തുലനം ചെയ്യാന്‍ ഈ ഇടപെടലിന് സാധിച്ചു. എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിക്കുന്ന അരി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതായിരുന്നു. ഇത് സാധാരണ കേരളത്തില്‍ ഉപയോഗിച്ചിരുന്ന തരം അരിയായിരുന്നില്ല. ഇരുമ്പരി എന്നാണ് ഈ അരിയെ അന്ന് വിളിച്ചിരുന്നത് എന്നാല്‍ സപ്ലൈകോ സംഭരിച്ചിരുന്നത് ആന്ധ്രപ്രദേശ്, തമിഴ്നാടുപോലുള്ള സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ഗുണമേന്മയുള്ള അരി സര്‍ക്കാര്‍ പറയുന്ന വിലയില്‍ വില്‍ക്കണം എന്ന നിലപാട് വിജയിച്ചത് അന്ന് ഉപയോഗിച്ച ശാസ്ത്രീയവും വിദഗ്ദ്ധവുമായ മനേജീരിയല്‍ നീക്കത്തിലൂടെയായിരുന്നു. ഈ നീക്കം അന്ന് രാജ്യാന്തരശ്രദ്ധയില്പ്പെടുകയും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിപോലുള്ള ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ ഈ ഇടപെടലിനെപ്പറ്റി ചര്‍ച്ച ചെയ്യുകയുമുണ്ടായി.
പൊതുവിതരണമേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇ ചന്ദ്രശേഖരന് നായര്‍ക്ക് പുറമെ മറ്റാരെല്ലാമാണ് പങ്കാളികളായത്?
ഈ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ഐ.എ. എസ്. ഓഫീസര്‍ ആണ് കെ.എം. ചന്ദ്രശേഖരന്. അദ്ദേഹമായിരുന്നു അന്ന് ചുമതലയിലുണ്ടായിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്. സര്‍ക്കാര്‍ പറയുന്ന സബ്സിഡി വിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കുകയും എന്നാല്‍ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുകയില്ല എന്നുമുള്ള കര്‍ശന നിലപാട് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ വിപണിയില്‍ അരി ലഭ്യമാവാന്‍ ഇതുമൂലം സാധിച്ചു എന്ന് മാത്രമല്ല. സപ്ലൈകോ ഭക്ഷ്യവിപണനരംഗത്ത് ഒരു പ്രമുഖ ബ്രാന്‍ഡാവുകയും ചെയ്തു. സപ്ലൈകോ ടെന്‍ഡറുകള്‍ എത്ര രൂപയുടേതാവും എന്നത് അന്നത്തെ വലിയ കച്ചവട രഹസ്യങ്ങളില്‍ ഒന്നായി. എന്നാല്‍ സി.പി.പി.ആര്. 2018-ല്‍ നടത്തിയ പഠനത്തില്‍ 4000 കോടിയുടെ വില്പന നടന്നിട്ടും, വിപണിയില്‍ ഗുണകരമായി ഇടപെടുവാന്‍ ഇന്ന് സപ്ലൈകോയിക്ക് സാധിക്കുന്നില്ല എന്ന് കണ്ടെത്തി.
താങ്കളുടെ പുസ്തകം കൂടുതലും ചെറു സംഭവകഥകളുടെ രൂപത്തിലാണ് എഴുതിയിട്ടുള്ളത്. സംരംഭകന് എന്ന നിലയിലുള്ള അനുഭവങ്ങള്‍ ഇതില്‍ കൊടുത്തിട്ടുണ്ട്. എന്തൊക്കെയാണ് ഒരു സംരംഭകന് എന്ന നിലയില്‍ താങ്കള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത്?
ഒരു സംഘടന എന്ന നിലയില്‍ സപ്ലൈകോയുടെ പ്രവര്‍ത്തനത്തില്‍നിന്ന് ഞാന്‍ പഠിച്ചത് റിസ്കുകള്‍ എടുക്കാന്‍ തയ്യാറാവുക എന്നതാണ്. ഇ. ചന്ദ്രശേഖരന് നായരും ഇതേ അഭിപ്രായക്കാരായിരുന്നു. കേരളത്തിലെ വ്യാപാരികളില്‍ പൊതുവേ റിസ്കുകള്‍ എടുക്കാനുള്ള ധൈര്യം വളരെ കുറവാണ്. ബിസിനസ്സില്‍ ഇറങ്ങുക എന്നാല്‍ എല്ലാം ഒരുതരം കണക്കുകൂട്ടലുകള്‍ ആണ് എന്നാല്‍ എത്രത്തോളം മുന്‍കൂട്ടി പ്ലാന്‍ ചെയ്താലും പിഴവുകള്‍ സംഭവിക്കാവുന്നതാണ്. ആ പിഴവുകള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കി കച്ചവടതന്ത്രങ്ങള്‍ അതിന് അനുരൂപമാക്കുക എന്നതാണ് പ്രധാനം. സപ്ലൈകോയുടെ ഓണചന്തകള്പോലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ അധികം റിസ്കുകള്‍ ഉള്ളവയായിരുന്നു. 75 വിപണനകേന്ദ്രങ്ങളിലേക്ക് ശുദ്ധമായ പച്ചക്കറിയും സാധനങ്ങളും എത്തിക്കുക എളുപ്പമല്ല. എന്നാല്‍ അതു സാധിച്ചത് കെ.എം. ചന്ദ്രശേഖറിനെപ്പോലെ ദ്രുതഗതിയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും അതിനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന മന്ത്രിയും ഉണ്ടായതുകൊണ്ടാണ്. റിസ്ക് എടുക്കാന്‍ തയ്യാറാകുക എന്നതാണ് ഏറ്റവും പ്രധാനം.