വ്യാപാരരംഗത്ത് അമേരിക്കയുടെ ഏകപക്ഷീയനിലപാടുകള്ക്കെതിരെ ഒപ്പംചേരാന്‍ ഇന്ത്യയ്ക്ക് ചൈനയുടെ ക്ഷണം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ നീക്കം. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായും അമേരിക്ക ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയെ കൂടി ഒന്നിച്ചു നിര്‍ത്തി വ്യാപാരകാര്യത്തില്‍ യുഎസ് തുടരുന്ന അമേരിക്ക ഫസ്റ്റ് നയങ്ങള്‍ക്കെതിരേ പൊരുതാന്‍ ചൈന ആലോചിക്കുന്നത്.
കാശ്മീര്‍ വിഷയത്തില്‍ ഇന്നുണ്ടായിരിക്കുന്ന ട്രംപിന്റെ അഭിപ്രായപ്രകടനം അമേരിക്കയോടുള്ള ഇന്ത്യയുടെ എതിര്‍പ്പിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനും ചൈന ശ്രമിക്കുന്നുണ്ട്. അമേരിക്കയുടെ തലതിരിഞ്ഞ വ്യാപാര നയത്തിന്റെ ഇരകളാണ് ചൈനയും ഇന്ത്യയുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെയ്ഡോംഗ് പറഞ്ഞു. പരസ്പരം കൈകോര്‍ക്കുന്നതിലൂടെ അന്താരാഷ്ട്ര വ്യാപാരക്രമം നീതിപൂര്‍വകവും ന്യായത്തില്‍ അധിഷ്ഠിതവുമാക്കാന്‍ സാധിക്കും. അതോടൊപ്പം വികസ്വര രാജ്യങ്ങളുടെ വ്യാപാര താല്പര്യങ്ങള് സംരക്ഷിക്കാന്‍ കഴിയും. ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വെല്ലുവിളികളാണ് നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ചുള്ള മുന്നേറ്റം വേണം. വ്യാപാര രംഗത്തെ ബഹുസ്വരതയെയും ആഗോളവല്‍ക്കരണത്തെയും സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ചൈനയുടെ ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ചൈനീസ് കമ്പോളത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ അവസരം വേണമെന്ന ദീര്‍ഘകാല ആവശ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മസി ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയില്‍ കൂടുതല്‍ മാര്‍ക്കറ്റ് ലഭ്യമാക്കണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം ചൈനയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അതേസമയം, ഇന്ത്യയുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ ചൈനീസ് അംബാസഡര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസമത്വം പരിഹരിക്കാന്‍ ഗൗരവപൂര്‍ണമായ ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടാവും. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള അരി, പഞ്ചസാര ഇറക്കുമതി ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചൈന സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫാര്‍മസി ഉല്‍പ്പന്നങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കൂടുതല്‍ കമ്പോളം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയിലേക്കുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.