പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുമ്പോള്‍ കൂടെ അടുക്കളയില്‍ ബാക്കി വരുന്ന ജൈവ വേസ്റ്റും കൂടെ കളയുന്നവരാണ് നമ്മള്. തരംതിരിക്കാതെ മാലിന്യം കളയുകയും അതെസമയം കോര്‍പറേഷനെ കുറ്റം പറയുകയും ചെയ്യും. 2001 ഇലെ സെന്‍സസ് പ്രകാരം ഇന്ത്യ പുറന്തള്ളുന്ന നാല് കോടി ടണ്‍ മാലിന്യത്തില്‍ 40 ശതമാനം ജൈവ മാലിന്യമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തെ 41-ാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും നഗരമായ ബെംഗളൂരുവില്‍ പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് 20 ലക്ഷം ടണ്ണാണ് .
ബെംഗളൂരു നഗരത്തില്‍ മാലിന്യ നിര്‍മാര്‍ജനം എന്നുമൊരു ചോദ്യചിഹ്നമായിരുന്നു. ഈ വര്‍ഷത്തെ സ്വഛ് സുര്വേക്ഷണ റാങ്കിങ്ങില്‍ 194-ാമത് ആണ് ഈ നഗരം. ബൃഹത് ബെംഗളൂരു മഹാനഗര പാലികേ കോണ്‍ട്രാക്ടര്‍മാരെ ഉപയാഗിച്ച് വീടുകളില്‍ നിന്ന് തരം തിരിച്ചു മാലിന്യ ശേഖരണം നടത്തിയിയാണ് നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ബി.ബി.എം.പി. നോണ്‍ ബയോ ഡീഗ്രെഡബിള് മലിന്യങ്ങള്‍ മാത്രമേ ശേഖരിക്കുന്നുള്ളു . മാലിന്യം കൊണ്ട് തള്ളുന്ന മിട്ടാഗനഹള്ളി, ബെലഹള്ളി എന്നീ ക്വാറികളില്‍ ഇനി സ്ഥലമില്ലെന്നാണ് ബി.ബി.എം.പി. ജൂലൈ 30ന് ബൈലോ പരിഷ്കരിക്കുന്ന സമയത്തു പറഞ്ഞത്.
നിങ്ങളുടെ വീട്ടിലെ മാലിന്യം നിങ്ങള്‍ തന്നെ സംസ്കരിക്കുന്ന രീതി എന്ത് കൊണ്ട് നടപ്പാക്കിക്കൂടാ എന്ന ചോദ്യം ഉയര്‍ന്നിട്ട് കാലങ്ങളായി. അപ്പാര്‍ട്ട്മെന്റുകളിലും കമ്മ്യൂണിറ്റികളിലും ഉത്പാദിപ്പിക്കുന്ന ഭക്ഷണ മാലിന്യത്തെ കമ്പോസ്റ്റ് ആക്കി മാറ്റാനുള്ള ചെലവ് കുറഞ്ഞ വഴികള്‍ തേടി വിജയിച്ച ചരിത്രമാണ് പൂനം ബിര്‍ കസ്തുരി സ്ഥാപിച്ച ‘ഡെയ്ലി ഡംപ് ‘ എന്ന കമ്പനിക്കുള്ളത്.
ഡെയിലി ഡംപ് തുടങ്ങുന്നു
അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ ബിരുദധാരിയായ പൂനം ബിര്‍ കസ്തുരിയും കനൈക്യ കിനി, ശാശ്വതി ബാലസുബ്രഹ്മണ്യം എന്നിവരും ചേര്‍ന്നാണ് 2006 ല്‍ ഡെയിലി ഡംപിന് തുടക്കം കുറിച്ചത്. നീലം ചിബ്ബര്‍, ഗീത റാം എന്നിവരോടൊപ്പം ഇന്‍ഡസ്ട്രീ ക്രഫ്റ്റ്സ് ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് പൂനം ഡെയിലി ഡംപ് തുടങ്ങുന്നത്.
‘നമ്മുടെ നഗരങ്ങളെ ഇപ്പോഴത്തെ മാലിന്യ നിര്മാര്ജനരീതിക്ക് ഒരു മാറ്റം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ആദ്യത്തെ കാല്‍വെപ്പാണിത് (കമ്പോസ്റ്റിംഗ് ).’ എന്നാണ് ഡെയിലി ഡംപിന്റെ പ്രസക്തിയെ കുറിച്ച പൂനം പറയുന്നത്.
വളരെ ലളിതമായി പറഞ്ഞാല്‍, ഏറ്റവും ചെലവ് കുറഞ്ഞ മാലിന്യസംസ്കരണ രീതിയാണ് കമ്പോസ്റ്റിംഗ്. സാമാന്യം വലിപ്പമുള്ള കുഴിയിലോ ബാരലുകളിലോ ഇടവിട്ടിടവിട്ട് ഉണങ്ങിയ ഇലകളും, അടുക്കള മാലിന്യവും പിന്നെ മറ്റു ഡീഗ്രെഡബിള് വസ്തുക്കളും അടുക്കി അതിനോടൊപ്പം കമ്പോസ്റ്റിംഗ് പൊടിയും കലര്‍ത്തി അടച്ചു വെക്കുന്നതാണ് കമ്പോസ്റ്റിംഗ്.
ഒരു കമ്പോസ്റ്റര്‍ വീട്ടില്‍ തന്നെ സ്ഥാപിച്ചാല്‍ 80 -90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ചെറിയ കുടം കമ്പോസ്റ്റ് നിങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
ഡെയിലി ഡംപിന്റെ ബിസിനസ് ഡവലപ്മെന്റ് തലവന്‍ അമര്‍പ്രീത് സിംഗ്
എമര്‍ജിങ് കേരളയോട് സംസാരിക്കുന്നു.
എന്താണ് ഡെയിലി ഡംപ്?
‘പ്രകൃതിയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സോഷ്യല്‍ എന്റര്‍െ്രെപസ് ആയിട്ടാണ് ഡെയിലി ഡംപ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായിട്ടും വീട്ടില്‍ തന്നെ മാലിന്യ നിര്‍മാര്‍ജനം നടത്താന്‍ സഹായിക്കുന്ന ഉപകരണങ്ങളുടെ ഡിസൈനും വില്പനയുമാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. വീട്ടില്‍ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കുക വഴി മാലിന്യം നിക്ഷേപിക്കുന്ന ‘ലാന്ഡ്ഫില്ലു’ കളില്‍ ഡംപ് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്.
കര്‍ണാടക, ആന്ധ്രപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ തദ്ദേശവാസികളായ കളിമണ്‍പാത്ര ശില്പികളാണ് ഡെയിലി ഡംപിന്റെ കമ്പോസ്റ്റ് ഉപകരണങ്ങള്‍ ഉണ്ടാക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ ഉപകാരണങ്ങളുടെ റേഞ്ച് എന്ന് പറയുന്നത് വീട്ടിലുപയോഗിക്കാന്‍ പറ്റുന്ന ടെറാക്കോട്ട കമ്പോസ്റ്റ് സിസ്റ്റമാണ്. എന്നാല്‍ വലിയ കമ്മ്യൂണിറ്റികളില്‍ ഉപയോഗിക്കാനായി കാഠിന്യമേറിയ പോളി എഥിലീന്‍ ഉപയോഗിച്ചു ഉണ്ടാക്കിയ പത്രങ്ങളാണ് മാര്‍ക്കറ്റു ചെയ്യുന്നത്. അത് ലോക്കല്‍ ഫാക്ടറികളുമായിട്ടും ഫാബ്രിക്കേറ്റര്മാരുമായിട്ടും സഹകരിച്ചാണ് നിര്‍മിക്കുന്നത്.
ഇന്ന് ഇന്ത്യയില്‍ ബെംഗളൂരു ഉള്‍പ്പെടെ 18 നഗരങ്ങളില്‍ ഡെയിലി ഡംപിന് സാന്നിധ്യമുണ്ട്. ഇവിടങ്ങളിലുള്ള 70 ഔട്ട്ലെറ്റുകളും തദ്ദേശിയരായ നിര്‍മാതാക്കളുമായി സഹകരിച്ചാണ് നിര്‍മാണവും വില്പനയും നടത്തുന്നത്. അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ ഒരു ഉപഭോക്താവിന് വേണ്ടിയാണെങ്കില്‍ ഡല്‍ഹിയിലുള്ള കളിമണ്‍ നിര്‍മാണ കമ്മ്യൂണിറ്റിയില്‍ നിന്നായിരിക്കും അവര്‍ക്കു ആവശ്യമുള്ള ഉത്പന്നങ്ങള്‍ അയക്കുക.
ഈ സഹകരണം കൊണ്ട് കാലങ്ങളായി കളിമണ്‍ പത്ര നിര്‍മാണം കൊണ്ട് ജീവിക്കുന്ന സമുദായങ്ങള്‍ക് ബിസിനസ് പങ്കാളിത്തത്തെ കുറിച്ച് പഠിക്കാനും ഉത്പന്നങ്ങള്‍ കമ്പോളത്തിനനുസരിച് ഉത്പാദിപ്പിക്കാനും സാധിക്കുന്നുണ്ട്.
വേസ്റ്റ് മാനേജ്മെന്റില്‍ ഏറ്റവും പ്രധാനമായ കാര്യം ആളുകളെ ഇതിനെ കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ്.
അത് കൊണ്ട് തന്നെ, ഔട്ട്ലെറ്റുകള് എന്ന് പറയുമ്പോള്‍, ചിലയിടത്ത് ഗാര്‍ഡനിങ്ങോ നഴ്സറിയോ നടത്തുന്നവരാണെങ്കില്‍ കൂടി, ഡെയിലി ഡംപിന്റെ ഉത്പന്നങ്ങളുടെ ഡെമോണ്‍സ്ട്രേഷനും വില്‍പ്പനയും നടത്തുന്നുണ്ട്.
ബംഗളൂരു നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തില്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലികേയുടെ പങ്ക്
ബൃഹത് ബെംഗളൂരു മഹാനഗര പാലികേ ഒരു മുനിസിപ്പല്‍ കോര്പറേഷന് ആണ്. മാലിന്യം തരംതിരിച്ചു ശേഖരിക്കുന്നതിലും നിര്‍മാര്‍ജനം ചെയ്യുന്നതിലും ഒരു പക്കാ സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. മാത്രമല്ല, ഇന്ന് 500 ലേറെ കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ ബി.ബി.എം.പി. ജൈവ മാലിന്യശേഖരണം നടത്തുന്നില്ല. അത് കമ്മ്യൂണിറ്റികള്‍ തന്നെ സംസ്കരിക്കണം എന്നാണ് അവര്‍ പറയുന്നത്.
പക്ഷെ ചെറിയ, കമ്മ്യൂണിറ്റികളില്‍ ബി.ബി.എം.പി. രണ്ടുതരം മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇവിടെ ഡെയിലി ഡംപിന്റെ പ്രസക്തി എന്തെന്ന് വെച്ചാല്‍, ജൈവമലിന്യ കമ്പോസ്റ്റ് ഉണ്ടാക്കുക വഴി മാലിന്യത്തെ തദ്ദേശീയമായിതന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്.
കമ്പോസ്റ്റ് എന്ത് ചെയ്യും ?
ബാംഗ്ലൂര്‍ നിവാസിയായ സഞ്ജന നരേന്ദ്രന് ഡെയിലി ഡംപ് മുന്നോട്ടു വെക്കുന്ന ആശയങ്ങളോട് താല്പര്യപെടുന്നുണ്ട്. പക്ഷെ സഞ്ജന ചോദിക്കുന്നത്, അപ്പാര്‍ട്മെന്റുകളില്‍ ഉണ്ടാക്കുന്ന കമ്പോസ്റ്റ് എന്ത് ചെയ്യും എന്നാണ്.
‘വളരെ നല്ല ആശയം തന്നെ ആണ്. പക്ഷെ കുടുംബാംഗങ്ങള്‍ കൂടുതലുള്ള ഫ്ളാറ്റുകളില്‍ കൂടുതല്‍ ജൈവ മാലിന്യം ഉണ്ടാവും. പക്ഷെ ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് എന്ത് ചെയ്യും? പൂന്തോട്ടമുണ്ടാക്കുക അല്ലെങ്കില്‍ പുറത്തുള്ള മരങ്ങളില്‍ നിക്ഷേപിക്കുക എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അതൊന്നും എല്ലാവര്ക്കും പറ്റുന്ന കാര്യമല്ല, പ്രത്യേകിച്ചും ബെംഗളൂരു പോലുള്ള ഒരു ഐ.ടി. നഗരത്തില്‍.’
സഞ്ജനയുടെ ആശങ്കയ്ക്ക് അമര്‍പ്രീത് നല്കുന്ന മറുപടി ഇതാണ്
‘ഏതാണ്ട് 60,000 കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അത് 1,800 രൂപയുടെ ‘പ്രിത്വി’ പോലുള്ള ചെറിയ കമ്പോസ്റ്റ് മെഷീന് മുതല്‍, കൂട്ട് കുടുംബങ്ങള്‍ക്കും കമ്യൂണിറ്റികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ‘ബി.കെ. 550’ വരെ ഉണ്ട്. കമ്പോസ്റ്റിംഗ് ശരിയായ രീതിയില്‍ നടന്നാല്‍, ഈ ഉല്‍പ്പന്നങ്ങള്‍ ഒന്നും തന്നെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ദുര്‍ഗന്ധമോ ജീവികളുടെ ശല്യമോ ഒന്നുമില്ല.
നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തില്‍ ഉപയോഗിക്കുന്ന കമ്പോസ്റ്റ് പ്ലാന്റില്‍ നിന്ന് ഒരു മാസം ഉല്പാദിപ്പിക്കുന്ന കമ്പോസ്റ്റിന്റെ അളവ് വളരെ കുറവാണ്. മൂന്നോ നാലോ ചെടിച്ചട്ടികളില്‍ ഇടാന്‍ ഉള്ള കമ്പോസ്റ്റ് മാത്രമാണ് ഉണ്ടാവുക. മാത്രമല്ല വീടുകളില്‍ ഉല്പാദിപ്പിക്കുന്ന കമ്പോസ്റ്റ് ചെറിയ വിലക്ക് സ്വീകരിക്കുന്ന കമ്പനികളും കര്‍ഷകസംഘങ്ങളും ഇന്നുണ്ട്. മാത്രമല്ല കൂടുതല്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന വീടുകളില്‍ നിന്നും കമ്പോസ്റ്റ് വിലക്ക് വാങ്ങിക്കാന്‍ ഞങ്ങള്‍ തന്നെ ഒരു പിക്ക് അപ്പ് സര്‍വീസ് നടത്തുന്നുണ്ട്.
ബിസിനസ്സ് മോഡല്‍
ഞങ്ങള്‍ക്കുള്ള ഔട്ട്ലെറ്റ് മോഡല്‍ വെച്ച് കേരളമുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന ആളുകളുമായിട്ടും സംഘടനകളുമായിട്ടും സഹകരിക്കാന്‍ വളരെയധികം താല്പര്യം ഉണ്ട്. ഈ സഹകരണം അവരെയും സഹായിക്കും. കാരണം ഞങ്ങള്‍ ഈ മേഖലയില്‍ ഡിസൈനിങ്ങിലും മാനേജ്മെന്റിലും പ്രവര്‍ത്തിച്ചുള്ള 13 വര്‍ഷത്തെ പരിജ്ഞാനവുമായിട്ടാണ് വരുന്നത്. കാലിക്കറ്റ് , കൊച്ചി ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ വരാന്‍ ഞങ്ങള്‍ക്ക് വരാന്‍ താല്പര്യം ഉണ്ട്. പക്ഷെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനും, കമ്പോസ്റ്റിംഗിന്റെ ഗുണങ്ങളെ കുറിച്ച ജനങ്ങളെ ബോധവാന്മാരാക്കാനും തയ്യാറുള്ളവര്‍ വന്നാലേ ഇത് വിജയിക്കുകയുള്ളു.
ഈ കാര്യത്തില്‍ ഒരുപാടു മുന്നേറ്റങ്ങള്‍ നടത്തിയ എന്‍.ജി.ഒകളുണ്ട്. മാത്രമല്ല ഇന്ന് സര്‍ക്കാരും ഈ മേഖലയില്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. ഞങ്ങളെ പോലുള്ള സംഘടനകള്‍ക്കു മറ്റുള്ളവരുമായി, കുടുംബശ്രീ പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുണ്ട്. അത്തരം കൂട്ടുകെട്ടുകള്‍ വലിയ മാറ്റങ്ങള്‍ ഇവിടെ സൃഷ്ടിക്കാന്‍ കഴിയും.
ഡിസൈന്‍
ഇന്ന് ഡെയിലി ഡംപിന്റെ കമ്പോസ്റ്റ് ഉപകരണങ്ങളുടെ ഡിസൈന്‍ ക്രീയേറ്റീവ് കോമണ്‍സ് എന്ന കോപ്പിറൈറ്റ് വിഭാഗത്തിലാണ്. അതായത് കമ്പോസ്റ്റിംഗില്‍ താല്പര്യമുള്ള ആര്‍ക്കും ഇതുണ്ടാക്കാം, അമര്‍പ്രീത് പറയുന്നു. പക്ഷെ ഉപകരണങ്ങളിലല്ല കാര്യം. കമ്പോസ്റ്റിംഗ് എങ്ങനെ ചെയ്യുമെന്ന അറിവിലാണ്. ഉപകരണം ഗുണമേന്മയുള്ളതായാലും ശരിയായ രീതിയിലുള്ള കമ്പോസ്റ്റിങ് നടന്നില്ലെങ്കില്‍ ദുര്‍ഗന്ധമുണ്ടാവുകയും, ജൈവ മാലിന്യം കെട്ടികിടക്കുകയും ചെയ്യും. അതുകൊണ്ട്, ഡിസൈന്‍ പകര്‍ത്തുന്നതിനോടൊപ്പം കമ്പോസ്റ്റിംഗ് ചെയ്യുന്ന രീതി പഠിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണം .
വെല്ലുവിളികള്‍
കമ്പോസ്റ്റിംഗ് നടത്തുന്നവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഇതിന്റെ ആശയവുമായി പൊരുത്തപ്പെടാന്‍ പറ്റാത്ത ആളുകളാണ്. പ്രകൃതിക്ക് കോട്ടമുണ്ടാകാതെ ഏറ്റവും ജൈവികമായ എങ്ങനെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കമ്പോസ്റ്റിംഗ്. മാലിന്യ നിര്മ്മാര്ജ്ജനത്തിലുപരി ദീര്ഘകാലയടിസ്ഥാനത്തില് മണ്ണുമായിട്ടുള്ള ബന്ധം ദൃഡമാക്കുകയും അതോടൊപ്പം തന്നെ, കാര്ഷികവ്യത്തിയുമായി വാണിജ്യപരമായ ബന്ധമുണ്ടാക്കാനും കമ്പോസ്റ്റിംഗ് പരിശീലിക്കുന്നതിലൂടെ സാധിക്കും എന്ന് ജനങ്ങള്‍ക്ക് മനസ്സിലായി വരുന്നതെ ഉള്ളു എന്ന് അമര്‍പ്രീത് പറയുന്നു.
‘ഞങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങളില്‍ മുംബയിലാണ് ഉപഭോക്താക്കളെ കിട്ടാന്‍ കുറച്ചു പ്രയാസപ്പെട്ടത്. കാരണം തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടേയിരിക്കുന്ന എന്നാല്‍ അതേസമയം സാന്ദ്രതയും വര്‍ധിച്ചു വരുന്ന നഗരമാണ് മുംബൈ. വീടുകളില്‍ തന്നെ വളരെ കുറച്ചു സ്ഥലമാണ് ഉള്ളത്. മുംബൈ മുനിസിപ്പല്‍ കോര്പറേഷന് തന്നെ വളരെ കര്‍ശനമായ നയങ്ങള്‍ സ്വീകിരിക്കേണ്ടി വന്നു, പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിക്കുന്നതുള്പ്പടെ .