ഇതാ ദുബായിൽ നിന്നൊരു പുതിയ വാർത്ത. ദുബായ് എക്സ്പോ 2020 ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായി ലത്തീഫയെയും റാഷിദിനെയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും അവതരിപ്പിച്ചു. എട്ട് വയസ്സുകാരിയായ ലത്തീഫയും സഹോദരൻ ഒൻപതുകാരൻ റാഷിദുമായിരിക്കും എക്സ്പോയുടെ ഭാഗ്യചിഹ്നങ്ങൾ. ഇവർക്കൊപ്പം മൂന്ന് റോബോട്ടുകളും എക്സ്പോയുടെ മസ്കോട്ടുകളായി സന്ദർശകരെ വരവേൽക്കും. സാങ്കേതികവിദ്യയിലുള്ള യു.എ.ഇ.യുടെ നേട്ടങ്ങൾ കൂടി പ്രതിഫലിപ്പിക്കുന്നതായിരിക്കും എക്സ്പോ വേദികളിൽ ഈ റോബോട്ടുകളുടെ പ്രവർത്തനങ്ങൾ. സാധ്യതകൾ, ചലനശേഷി, സുസ്ഥിരത എന്നിങ്ങനെ എക്സ്പോ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ കൂടി വെളിപ്പെടുത്തുന്നവയാണ് ഈ റോബോട്ട് ത്രയം.
എട്ട് മാസത്തെ ശ്രമങ്ങൾക്കൊടുവിലാണ് റോബോട്ടുകൾക്ക് അന്തിമരൂപം നൽകിയിട്ടുള്ളത്. പേര് മുതൽ നിർമിതിയിലെ ഓരോ സൂക്ഷ്മ ഭാഗവും യു.എ.ഇ.യുടെ മഹത്തായ പൈതൃകവും സംസ്കൃതിയും അടയാളപ്പെടുത്തുന്നതായിരിക്കും.
എന്നാൽ ഇത് ലോകത്തിലെ മുഴുവൻ ദേശങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധമുള്ളവയായിരിക്കുമെന്ന് രൂപകൽപന ചെയ്ത അംന അബുൽഹൗൽ പറഞ്ഞു.
എക്സ്പോ 2020- യുടെ ഇമറാത്തി സംഘമാണ് ഇതിന്റെ നിർമിതിക്ക് ചുക്കാൻ പിടിച്ചിട്ടുള്ളത്. ഇതിന് പുറമെ ലത്തീഫയുടെയും റാഷിദിന്റെയും കഥയിൽ കഥാപാത്രങ്ങളായി സലാമ എന്ന പേരിൽ ഗാഫ് മരവും എക്സ്പോ ഭാഗ്യചിഹ്നമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായിലെ ബസുകളിൽ ഉടൻതന്നെ എക്സ്പോയുടെ ഈ ഭാഗ്യചിഹ്നങ്ങൾ ഇടം പിടിക്കും. 2020- ഓടെ ഇവയുടെ ചെറുരൂപങ്ങൾ യു.എ.ഇ.യിലെ വിപണിയിലും ലഭ്യമാക്കും. എക്സ്പോയുടെ കഥപറയുന്ന കാർട്ടൂണും പുറത്തിറക്കിയിട്ടുണ്ട്.