ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജയം ഇന്ത്യക്ക്. രണ്ടാം ടി20യില്‍ വിരാട് കോലിയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചപ്പോള്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്കോര്‍: ദക്ഷിണാഫ്രിക്ക-149-5 (20), ഇന്ത്യ- 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
രണ്ട് സിക്സുകള്‍ പറത്തി താളം കണ്ടെത്താൻ ശ്രമിക്കവേ , രോഹിത് ശര്‍മ്മ 12 റണ്‍സില്‍ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ കോലിയും ധവാനും ഇന്ത്യക്ക് നിര്‍ണായക അടിത്തറ പാകി. ധവാന് 31 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ കോലി 52 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നു. കോലിക്കൊപ്പം ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 149 റണ്‍സെടുത്തത്. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്ദീപ് സെയ്നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.