രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ ആന്ധ്രാപ്രദേശിൽ തുറന്നു. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്ക്രീനിന്റെ വലുപ്പം. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾക്ക് നൽകുന്ന 4-കെ. ആർ.ജി.ബി. റേസർ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. സൂലൂർപ്പേട്ട് വി.എപ്പിക് തിയേറ്ററിലാണ് ബിഗ് സ്ക്രീൻ ഒരുക്കിയത്. തെലുങ്ക് യുവതാരം രാംചരൺ തിയേറ്റർ ഉദ്ഘാടനംചെയ്തു. പ്രഭാസ് നായകനാകുന്ന ‘സാഹോ’ ഇന്ന് റിലീസ് ചെയ്തു.
തിയേറ്ററിന്റെ ഏതുഭാഗത്തിരുന്നാലും കൃത്യമായ ദൃശ്യാനുഭവം ഉറപ്പാക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാസീറ്റിലും ഒരുപോലെ ശബ്ദമെത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. ശബ്ദലേഖനത്തിലെ നൂതനസങ്കേതമായ ഡോൾബി അറ്റ്മോസ് ഉപയോഗിച്ചിരിക്കുന്നതിനാൽ അരികിൽനിന്ന് പറയുന്നതുപോലെയാണ് ശബ്ദമെത്തുക. ഇവിടെ 625 സീറ്റുകളുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.