ചെറുകിട- ഇടത്തരം കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള ഉചിതമായ സമയമാണ് ഇത്. ഓഹരി സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും ഉയര്‍ന്ന വെയിറ്റേജുള്ള ഒരു വിഭാഗം കമ്പനികള്‍ വളരെ ചെലവേറിയ നിലയിലെത്തികഴിഞ്ഞു. അതേ സമയം ചെറുകിട- ഇടത്തരം കമ്പനികളുടെ കൂട്ടത്തില്‍ ഇപ്പോഴും ചെലവ് കുറഞ്ഞ നിലയില്‍ ഒട്ടേറെ ഓഹരികളുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സൂചികകള്‍ ഉയര്‍ന്നപ്പോള്‍ പ്രധാനമായും കുതിപ്പ് നടത്തിയത് ഒരു വിഭാഗം ലാര്‍ജ്കാപ് ഓഹരികളാണ്. ഈ മുന്നേറ്റത്തില്‍ ചെറുകിട-,ഇടത്തരം ഓഹരികള്‍ കാര്യമായി പങ്കുകൊണ്ടിരുന്നില്ല. അതേസമയം അടുത്ത അഞ്ചുവര്‍ഷകാലയളവില്‍ മികച്ച ചെറുകിട- ഇടത്തരം ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്.
നിക്ഷേപ സ്ഥാപനങ്ങള്‍ നിലവില്‍ വന്‍കിട കമ്പനികളില്‍ മാത്രം ഗണ്യമായ നി ക്ഷേപം നടത്തുന്ന രീതി മാറി മികച്ച മിഡ്കാപ് ഓഹരികള്‍ക്ക് കൂടി പ്രാമുഖ്യം നല്കാന് സാധ്യതയുണ്ട്. പല ചെറുകിട- ഇടത്തരം ഓഹരികളും അവയുടെ എക്കാലത്തെയും മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ വളരെ ചെലവ് കുറഞ്ഞ നിലയിലാണ്.
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 101 മുതല്‍ 250 വരെ സ്ഥാനങ്ങളില്‍ നില്ക്കുന്ന കമ്പനികളെയാണ് ഇടത്തരം (മിഡ്കാപ്) എന്ന വിഭാഗത്തില്‍പെടുത്തിയിരിക്കുന്നത്. 251 മുതല്‍ 500 വരെയുള്ള കമ്പനികളാണ് ചെറുകിട (സ്മോള്‍കാപ്) വിഭാഗത്തില്‍പെടുന്നത്. സമ്പദ്വ്യവസ്ഥ ഒരു കരകയറ്റം നടത്തുന്ന ഘട്ടത്തില്‍ ചെറുകിട- ഇടത്തരം ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള സാധ്യതയുണ്ട്. താരതമ്യേന വിപണിമൂല്യം കുറഞ്ഞ ഓഹരികള്‍ ഇത്തരം സാഹചര്യങ്ങളില്‍ കുതിച്ചുകയറ്റം നടത്താറുണ്ട്. അതേസമയം ബിസിനസ് ചക്രം മാന്ദ്യത്തിന്റെ വഴിയില്‍ നീങ്ങുന്ന സാഹചര്യങ്ങളില്‍ ഇവയില്‍ ഇടിവ് ശക്തമാകാറുമുണ്ട്.
വിപണി കുതിപ്പിന്റെ മൂഡിലായിരിക്കുമ്പോള്‍ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തുന്നത് മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളായിരിക്കും. അതേസമയം വിപണി ചാഞ്ചാട്ടത്തിന്റെ പിടിയിലാവുമ്പോള്‍ കൂടുതല്‍ പരിക്കുണ്ടാകുന്നത് ഈ ഗണങ്ങളില്‍പെടുന്ന ഓഹരികള്‍ക്കായിരിക്കും. 2019ലെ ആദ്യ മാസങ്ങളില്‍ നാം കണ്ടത് രണ്ടാമത്തെ സാഹചര്യമാണ്. അതേ സമയം ഈ സാഹചര്യത്തില്‍ നിന്ന് അടിസ്ഥാനപരമായ ഒരു മാറ്റമാണ് വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
സെന്സെക്സിനോ നിഫ്റ്റിയ്ക്കോ സാങ്കേതികമായ പരിമിതികള്‍ മൂലം ഉയര്‍ന്ന വളര്‍ച്ചാശേഷിയുള്ള പല കമ്പനികളെയും അവയുടെ ബാസ്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ല. അതേ സമയം സമ്പദ്വ്യവസ്ഥയില് ഒരു കരകയറ്റം ഉണ്ടാകുമ്പോള്‍ വന്‍കിട ഓഹരികളേക്കാള്‍ ഉയര്‍ന്ന മൂല്യത്തില്‍ ചെറുകിട ഓഹരികള്‍ വ്യാപാരം ചെ യ്യുന്നത് സാധാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനികളുടെ ഭാവി വളര്‍ച്ചാ സാധ്യതയ്ക്കാണ് ഓഹരി വിപണി മൂല്യം കല്‍പ്പിക്കുന്നത് എന്നതുകൊണ്ടാണ് ഇത്. സമ്പദ്വ്യവസ്ഥ മികച്ച വളര്‍ച്ചയുടെ പാതയിലേക്കെത്തുമ്പോള്‍ അത് ഇടത്തരം- ചെറുകിട കമ്പനികള്‍ക്കായിരിക്കും കൂടുതല്‍ ഗുണകരമാവുക.
പുതിയ സര്‍ക്കാരിന് മുന്നില്‍ ഒട്ടേറെ വെല്ലുവിളികളാണുള്ളത്. അത് ഏറ്റെടുത്ത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സമ്പദ്വ്യവസ്ഥയില് ഗുണകരമായ ഫലങ്ങള്‍ സൃഷ്ടിക്കും. ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 10- 15 ശതമാനം തുടര്‍ന്നും മുന്നേറാന്‍ സാധ്യതയുണ്ട്. അതേ സമയം സൂചികയില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന വെയിറ്റേജുള്ള ഓഹരികള്‍ ചെലവേറിയ നിലയിലാണെന്നിരിക്കെ വലിയൊരു മുന്നേറ്റം സൂചികയില്‍ പ്രതീക്ഷിക്കാനാകില്ല. അതേ സമയം സൂചിക ഉയര്‍ന്ന നിലയില്‍ സ്ഥിരതയാര്ജിക്കുമ്പോള് ചെറുകിട- ഇടത്തരം കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്റ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിന് മുമ്പു തന്നെ അവസരം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്.
അതേസമയം ഈ വിഭാഗത്തില്‍പെടുന്ന എല്ലാ ഓഹരികളും മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷ അരുത്. ചെലവ് കുറഞ്ഞ നിലയിലുള്ളതോ ന്യായമായ വിലയിലുള്ളതോ ആയ ഓഹരികള്‍ അവയുടെ വളര്‍ച്ചാ സാധ്യത സംബന്ധിച്ച വ്യക്തതയുണ്ടെങ്കില്‍ മാത്രമേ വാങ്ങാവൂ.
ഓഹരികളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കുന്നതാണ് നല്ലത്. ചെറുകിട- ഇടത്തരം കമ്പനികളുടെ ഓഹരികളുടെ കാര്യത്തിലായാലും ഇക്കാര്യം പ്രസക്തമാണ്. മികച്ച ചെറുകിട- ഇടത്തരം ഓഹരികള്‍ തിരഞ്ഞെടുക്കുക സാധാരണ നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നിരിക്കെ മികച്ച മിഡ്കാപ്- സ്മോള്‍കാപ് ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാകും ഉചിതം.
ആസ്തിയുടെ 65 ശതമാനത്തില്‍ കൂടുതല്‍ മിഡ്കാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളെയാണ് മിഡ്കാപ് ഫണ്ടുകളായി സെബി വര്‍ഗീകരിച്ചിരിക്കുന്നത്. അതു പോലെ ആസ്തിയുടെ 65 ശതമാനത്തില്‍ കൂടുതല്‍ സ്മോള്‍കാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളാണ് സ്മോള്‍ കാപ് ഫണ്ടുകള്‍.
വിപണി ഭബുള്ളിഷ്’ ആയിരിക്കുമ്പോള്‍ ഇത്തരം ഫണ്ടുകള്‍ മികച്ച നേട്ടം നല്‍കിയിട്ടുണ്ടെന്നാണ് മുന്‍കാല അനുഭവം. ഉദാഹരണത്തിന് 2014ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് സ്മോള്‍കാപ് ഫണ്ടുകള്‍ നല്കിയ നേട്ടം ലാര്‍ജ്കാപ് ഫണ്ടുകളേക്കാള്‍ 84 ശതമാനം ഉയര്‍ന്നതായിരുന്നു.
അതുപോലെ 2017 ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് സ്മോള്‍കാപ് ഫണ്ടുകള്‍ നല്കിയ നേട്ടം ലാര്‍ജ്കാപ് ഫണ്ടുകളേക്കാള്‍ 45 ശതമാനം ഉയര്‍ന്നതായിരുന്നു. 2014ല്‍ മിഡ്കാപ് ഫണ്ടുകള്‍ നല്കിയ നേട്ടം ലാര്‍ജ്കാപ് ഫണ്ടുകളേക്കാള്‍ 56 ശതമാനവും 2017ല്‍ മിഡ്കാപ് ഫണ്ടുകള്‍ നല്കിയ നേട്ടം ലാര്‍ജ്കാപ് ഫണ്ടുകളേക്കാള്‍ 10 ശതമാനവും ഉയര്‍ന്നതായിരുന്നു.
നിക്ഷേപകരുടെ റിസ്ക് സന്നദ്ധത, പോര്‍ട്ട്ഫോളിയോയുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചതിനു ശേഷമേ മിഡ്കാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ പാടുള്ളൂ. മികച്ച മള്‍ട്ടികാപ് ഫണ്ടുകളില്‍ നടത്തിയിരിക്കുന്ന നിക്ഷേപത്തിലൂടെ പോര്‍ട്ട്ഫോളിയോക്ക് മതിയായ വൈവിധ്യവല്‍ക്കരണം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മിഡ്കാപ്പ് ഫണ്ടില്‍ മാത്രമായി നിക്ഷേപം നടത്തുന്നതു പോലുള്ള തീരുമാനങ്ങള്‍ തിരിച്ചടി നല്‍കിയേക്കും. മള്‍ട്ടികാപ് ഫണ്ടുകള്‍ക്കൊപ്പം മിഡ്കാപ് ഫണ്ടുകളിലും നിക്ഷേപിക്കുക.