ന്യൂഡൽഹി: ഐടി മേഖലയിൽ വൻതോതിൽ തൊഴിൽ നഷ്ടപ്പെടുന്നുവെന്ന വാർത്ത നിഷേധിച്ച് നാസ്കോം. 1.5 ലക്ഷം പേരെ ഈ വർഷം നിയമിക്കുമെന്നും നാസ്കോം വ്യക്തമാക്കി.
ജീവനക്കാർ സാങ്കേതിക വിദ്യയിൽ വന്ന മാറ്റം പൂർണമായും ഉൾക്കൊണ്ട് വൈദഗ്ധ്യം വർധിപ്പിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ വൻ നഷ്ടം നേരിടേണ്ടി വരുമെന്നും നാസ്കോം മുന്നറിയിപ്പ് നൽകുന്നു. വിപ്രോ, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ 50,000 ജീവനക്കാരെ പിരിച്ചു വിടുമെന്നു നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
1.7 ലക്ഷം പേർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം തൊഴിൽ ലഭിച്ചു. നാലാം പാദത്തിൽ മാത്രം മുൻ നിരയിലുള്ള അഞ്ച് കമ്പനികൾ 50,000 പേരെ നിയമിച്ചു. നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റ്, സ്റ്റാർട്ടപ്പ്, ഇ–കൊമേഴ്സ് തുടങ്ങിയ രംഗങ്ങളിൽ തൊഴിൽ സാധ്യതകൾ വർധിക്കുകയാണ്. വൻ നിക്ഷേപം നടത്തി, പുതിയ സാങ്കേതിക വിദ്യയിൽ ജീവനക്കാർക്കു പരിശീലനം നൽകാൻ കമ്പനികൾ പദ്ധതികൾ നടപ്പാക്കുകയാണ്. 2025 ആകുന്നതോടെ 30 ലക്ഷം അവസരങ്ങളാകും ഉണ്ടാവുകയെന്ന് നാസ്കോം വ്യക്തമാക്കി.