കായികരംഗത്തെ പരിപോഷിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാരെന്ന് മന്ത്രി ഇ.പി. ജയരാജന്. കായികതാരങ്ങള്‍ ജീവിതോപാധി തേടി കായികരംഗം ഉപേക്ഷിച്ച് പോകുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാകണം. അതിനുവേണ്ടി തൊഴില്‍മേഖലയില്‍ ഒരു ശതമാനം സംവരണം നല്കാന് പി.എസ്.സിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായരംഗത്ത് ഒട്ടേറെ മുന്നേറാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. വ്യവസായ- കായിക- യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് എമര്‍ജിങ് കേരളയോട് സംസാരിക്കുന്നു.
1) കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പിലാക്കിയിട്ടുണ്ടല്ലോ. കേരളത്തിന്റെ സംരംഭക വളര്‍ച്ച സൂചികയിലും പുതിയ സംരംഭങ്ങളുടെ എണ്ണത്തിലും മാറ്റുണ്ടായിട്ടുണ്ടോ?
പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി കിന്‍ഫ്രയും കെഎസ്യും ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു പ്രവര്‍ത്തനം ഫലം കാണുന്നുണ്ട്. കൂടാതെ വിദേശ നിക്ഷേപങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. മുഖ്യമന്ത്രി അടുത്ത് നടത്തിയ വിദേശ യാത്രയില്‍ പല നിക്ഷേപകരെ കണ്ടു സംസാരിക്കുകയും കേരളത്തില്‍ നിക്ഷേപം നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യയിലെ തന്നെ ഒന്നാമത്തെ ഇലക്ട്രോണിക് സ്ഥാപനമായ കെല്‍ട്രോണിന്റെ പ്രവര്‍ത്തനത്തെ അന്തര്‍ദേശീയ തലത്തില്‍ വിപുലീകരിക്കാനുള്ള പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു.ഐടി മേഖലയില്‍ മികച്ച മുന്നേറ്റം നടത്താനും വിപുലീകരണത്തിനുമായി ഐടി പാര്‍ക്കുകകള്‍ ടെക്നോ പാര്‍ക്കുകള്‍ മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ തുടരുകയാണ്. സ്വകാര്യ സംരംഭകര്‍ക്ക് വേണ്ട സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കും. ഇന്ന് കേരളത്തില്‍ വ്യവസായ രംഗത്ത് ഇന്‍ഡസ്ട്രിയല്‍ കോമ്മേഴ്സ്യല്‍ മാര്‍ക്കറ്റിംഗ് ഇല്ല. അതിനായി ഒരു
കോമേഴ്സ് വിങ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുകയാണ്. പൊതുമേഖല അല്ലെങ്കില്‍ സ്വകാര്യ സെക്ടറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് വിദേശവിപണി കണ്ടെത്തി കയറ്റുമതി ശക്തിപ്പെടുത്താനും ഇവിടുത്തെ വ്യവസായ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും സാധിക്കും. കൈത്തറി രംഗത്ത് മുന്നേറ്റത്തിനായി കേരളത്തിലെ എല്ലാ സ്പിന്നിങ് മില്ലുകളും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ പുതിയ സ്പിന്നിങ് മില്‍ ആരംഭിക്കും. കൂടാതെ കണ്ണൂര്‍ ധര്‍മടം നിയോജക മണ്ഡലത്തില്‍ ഒരു ഹൈ ടെക് സ്പിന്നിങ് മില്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട യൂണിഫോമുകള്‍ മുഴുവനായി
ഇവിടെ നിര്‍മ്മിക്കുവാന്‍ സാധിക്കും.
2) കേരളവും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് രംഗത്തേക്ക് ചുവടുവച്ചു കഴിഞ്ഞു. നിരവധി സ്വകാര്യ കമ്പനികള്‍ അവരുടെ ഫ്രണ്ട് ഓഫീസ് കസ്റ്റമര്കെയറിലും
ഷോറൂം മാനേജര്‍ ആയി വരെ റോബോട്ടുകളെ നിയമിക്കാന്‍ ഒരുങ്ങുന്നു. പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള പരീക്ഷങ്ങള്ക്കൊരുങ്ങുന്നുണ്ടോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടോ?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വ്യാപകമായ രീതിയില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ തന്നെ ഉപയോഗിച്ചിട്ടില്ല. ഇത് സാങ്കേതിക വളര്‍ച്ചയുടെ ഒരു ഭാഗമാണ്. സാങ്കേതിക വളര്‍ച്ചയ്ക്ക് അനുസൃതമായി നമ്മള് നിലവിലുള്ള ജീവനക്കാരെക്കൂടെ പരിഗണിച്ചുകൊണ്ട് തന്നെ റോബോട്ടുകളെ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാര്‍.
3) പ്രളയത്തിന്റെ കെടുതിയില്‍ നിന്നും കേരളത്തിന്റെ വ്യവസായ രംഗം പൂര്‍ണമായും മുക്തമായിട്ടുണ്ടോ? അതിന് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്?
വ്യവസായരംഗത്ത് കേരളം മുന്‍പെങ്ങുമില്ലാത്ത മുന്നേറ്റം സൃഷ്ടിക്കുകയായിരുന്നു. ഈ രംഗത്ത് സംസ്ഥാനത്തിനുണ്ടായിരുന്ന ചീത്തപ്പേര് തുടച്ചുനീക്കികൊണ്ട് ഈ രംഗത്തെ എല്ലാ മേഖലകളിലും വ്യക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം നമ്മുടെ കുതിപ്പിനിടയില്‍ ഒരു തടസ്സം ഉണ്ടാക്കി. നമുക്ക് സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കേരള ജനത ഒറ്റക്കെട്ടായി നിന്ന് ഒരു നവകേരളം തന്നെ സൃഷ്ടിച്ചെടുക്കുമെന്ന് ഉറപ്പുണ്ട്. അതിന് കേരളത്തിലും പുറത്തുമുള്ള വ്യവസായികളുടെ അകമഴിഞ്ഞ സഹായം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട്. അതുപോലെ സംസ്ഥാനത്തിലെ വ്യവസായരംഗത്തുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും മുന്നോട്ടുകുതിയ്ക്കുന്നതിനും വ്യവസായസമൂഹത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
5) കേരളത്തിലെ കോര്‍പ്പറേഷനുകളും ബോര്‍ഡുകളും ലാഭത്തിലാക്കുമെന്നത് എല്‍.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ രണ്ടര വര്‍ഷം
പൂര്‍ത്തിയാക്കുമ്പോള്‍ വകുപ്പിന് കീഴിലുള്ള എത്ര പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും കടവിമുക്തമാക്കാനും സാധിച്ചിട്ടുണ്ട്?
എല്ലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നഷ്ടം പരമാവധി കുറച്ചു കൊണ്ട് നിലവിലുള്ള സ്ഥാപങ്ങളെ ഉയര്‍ത്താന്‍ നമുക്ക് സാധിക്കും. കൂടാതെ ഉത്പാദനം വര്‍ധിപ്പിക്കുക, അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ഠിക്കുക, പുതിയ സംഭരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അതിനുവേണ്ടി എല്ലാ വ്യവസായശാലകളുടെ മീറ്റിംഗ് കൂടി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
7) നിരവധി കായിക താരങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ അവരെ വേണ്ടവിധം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന പരാതി കാലാകാലങ്ങളായി ഉള്ളതാണ്. പല കായിക പ്രതിഭകളും പരാധീനതകള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുമോ? കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്?
കായികതാരങ്ങളെ പരിഗണിക്കുന്നതില്‍ വലിയ മാറ്റം വന്നു കഴിഞ്ഞു. ഈ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷവും, വെള്ളി നേടിയവര്‍ക്ക് പതിനഞ്ചു ലക്ഷവും, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് പത്തു ലക്ഷം രൂപയും സര്‍ക്കാര്‍ നല്കി. കായികതാരങ്ങള്‍ ജീവിതപ്രാരാബ്ധങ്ങളില്പെട്ട് ജീവിതോപാദി തേടി കായികരംഗം ഉപേക്ഷിച്ച് പോകുന്ന അവസ്ഥ ഉണ്ടാകരുത്. അതിനുവേണ്ടി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നൂറ്റിനാല്പത്തിയേഴ് കായികാകതാരങ്ങള്ക്ക് ജോലി നല്കുകയുണ്ടായി. ഉടന്‍ തന്നെ ഇരുനൂറ്റി നാല്പത്തിയൊന്പതു പേര്‍ക്ക് കൂടി ജോലി നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ട് വരികയാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍ കയറിയവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ പോലീസ് ടീം രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പി.എസ്.സിയോട് ഒരു ശതമാനം തൊഴില്‍ റിസര്‍വേഷന്‍ കായികതാരങ്ങള്‍ക്ക് നല്കുവാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
8) സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതികള്‍?
സ്വ്പനപദ്ധതികള് എന്ന ഒന്നില്ല. മേല്‍പ്പറഞ്ഞ പറഞ്ഞ പദ്ധതികളെല്ലാം നമ്മുടെ സ്വപ്ന പദ്ധതികളാണ്. ഇവ പ്രവര്‍ത്തികമാകുമ്പോള്‍ രാജ്യം ഉണരും. നമ്മള് മുന്നോട്ടു കുതിക്കും.