എട്ടാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി ലക്പ ഷെർപ സ്വന്തം റെക്കോർഡ് തിരുത്തി. ഏറ്റവും കൂടുതൽതവണ എവറസ്റ്റ് കീഴടക്കിയ വനിതയെന്ന റെക്കോർഡ് ലക്പ നേരത്തേ സ്വന്തമാക്കിയിരുന്നു. സ്വന്തം റെക്കോർഡിൽ അഭിരമിക്കാതെ ലക്പ സാഹസികസഞ്ചാരങ്ങൾ ഇപ്പോഴും തുടർന്നു. 10 തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യവനിതയാവുകയാണു തന്റെ ലക്ഷ്യമെന്ന് ഈ 44 കാരി പറയുന്നു.
മൂന്നു കുട്ടികളുടെ അമ്മയാണ് ലക്പ. ഇന്ന് അവർ വിവാഹമോചിത. ഭർത്താവ് റൊമേനിയൻ–അമേരിക്കൻ പർവതാരോഹകനായിരുന്നു. 12 വർഷം ഒരുമിച്ചുജീവിച്ചതിനുശേഷമാണ് ലക്പ ഭർത്താവുമായി വേർപിരിയാൻ തീരുമാനിച്ചത്.പരിമിതികളും പ്രയാസങ്ങളും ഏറെയുണ്ടെങ്കിലും നേപ്പാളി സ്ത്രീകൾക്കും കരുത്തും കഴിവുമുണ്ടെന്നു ഈ ലോകത്തിനു കാണിച്ചുകൊടുക്കുകയാണു തന്റെ ലക്ഷ്യമെന്ന് ലക്പ പറഞ്ഞു. നിമ ദോർജെ ഷെർപയ്ക്കൊപ്പമായിരുന്നു ലക്പയുടെ യാത്ര.
മകൾ ജനിച്ച് എട്ടുമാസത്തിനുശേഷമായിരുന്നു ലക്പയുടെ ആദ്യത്തെ പർവതാരോഹണം. മാത്രമല്ല, അന്നവർ രണ്ടുമാസം ഗർഭിണിയുമായിരുന്നു. 2000–ൽ ആയിരുന്നു ലക്പയുടെ ആദ്യത്തെ വിജയയാത്ര.