രണ്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മാരുതിയുടെ ഏറ്റവും പുതിയ മോഡലായ എസ്-പ്രെസോ അവതരിപ്പിച്ചു. 3.69 ലക്ഷം രൂപ മുതൽ 4.91 ലക്ഷം രൂപ വരെ ഡൽഹി എക്സ്ഷോറൂം വിലയുള്ള ഈ വാഹനം റെനോയുടെ ക്വിഡുമായായിരിക്കും മത്സരിക്കുക. പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ എന്ന് നിസ്സംശയം പറയാം.
3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീൽബേസും വാഹനത്തിനുണ്ട്. ഡ്യുവൽ എയർബാഗ് സഹിതം പത്തിലേറെ സുരക്ഷാ സന്നാഹങ്ങൾ എസ്-പ്രെസോയിലുണ്ട്. 13, 14 ഇഞ്ച് വീലുകളിൽ എസ്-പ്രെസോ ലഭ്യമാകും. മാരുതിയുടെ ഹാർട്ടെക്ട് പ്ലാറ്റ്ഫോമിൽ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിർമാണം. വലിയ എസ്.യു.വികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുൻഭാഗം. ഡ്യുവൽ ടോൺ ബമ്പർ, മസ്കുലാർ ബോഡി, ക്രോമിയം ഗ്രിൽ, സ്കിഡ് പ്ലേറ്റ്, ചെറുതാണെങ്കിലും ഉയർന്നുനിൽക്കുന്ന ബോണറ്റ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുമുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോൾ എൻജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഓട്ടോമാറ്റിക് വകഭേദവും ഇതിലുണ്ടാകും. സ്റ്റാന്റേർഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളിൽ എസ്-പ്രെസോ വിപണിയിലെത്തും.