മെഡിസെപ് പദ്ധതിയിൽ ഇനി റിലയന്‍സ് ഇല്ല. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപി’ന്റെ നടത്തിപ്പിൽനിന്ന് റിലയൻസ് പുറത്ത്. ആശുപത്രികൾ ആവശ്യപ്പെട്ടാൽ കരാറിൽ രേഖപ്പെടുത്തിയ ഫീസിന്റെ 25 ശതമാനം ഇൻഷുറൻസ് കമ്പനി നൽകണമെന്ന വ്യവസ്ഥ റിലയൻസ് അംഗീകരിച്ചില്ല. സ്പെഷ്യാലിറ്റി ചികിത്സാസൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്താനും കമ്പനി തയ്യാറായില്ല. ഇതേത്തുടർന്നാണ് റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വ്യവസ്ഥകൾ അംഗീകരിക്കാത്തതുകൊണ്ടാണ് റിലയൻസിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ജൂൺ ഒന്നുമുതൽ പദ്ധതി തുടങ്ങാൻ ഉത്തരവായെങ്കിലും റിലയൻസുമായി ഇതുവരെ സർക്കാർ കരാർ ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടാൽ അപ്പോൾത്തന്നെ ആദ്യഗഡു പ്രീമിയമായി 167 കോടി നൽകേണ്ടിവരും. പദ്ധതിയിൽനിന്ന് ഒഴിവാകാനാവാത്ത സാഹചര്യം ഇതുണ്ടാക്കും എന്നതാണ് കരാർ ഒപ്പിടാത്തതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനം നടപ്പാക്കും. ഇനി പുതിയ ടെൻഡർ വിളിച്ചാൽ പദ്ധതി നടപ്പാക്കാൻ മൂന്നുമാസത്തോളം വൈകിയേക്കും.