നിര്‍മാണ- അടിസ്ഥാന സൗകര്യ വികസന രംഗത്ത് ലോക നിലവാരത്തിലുള്ള പരിശീലന സ്ഥാപനമെന്ന ലക്ഷ്യത്തോടെ കൊല്ലത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അക്കാദമിക്ക് രൂപരേഖയായി. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ കൊല്ലം ചാത്തന്നൂരിലെ 10 ഏക്കറില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അക്കാദമിക്ക് 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിര്‍മാണ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ തൊഴിലാളികള്‍ക്കും ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും നൈപുണ്യ വികസന പരിശീലനം നല്‍കുകയെന്നതാണ് നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അക്കാദമിയുടെ ലക്ഷ്യം. നൈപുണ്യ വികസന രംഗത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേയും കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തനതു ഫണ്ടിന്റെയും സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും.
തൊഴിലാളികളുടെ സാങ്കേതിക അറിവും നിലവാരവും വര്‍ധിപ്പിക്കുക, സൂപ്പര്‍വൈസര്‍ നിലവാരം വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള രണ്ടു മേഖലകള്‍ കേന്ദ്രീകരിച്ചാകും അക്കാദമിയിലെ കോഴ്സുകള്‍ വിഭാവനം ചെയ്യുന്നത്. ഇലക്ട്രിക്കല്‍, പെയിന്റിങ്, കോണ്‍ക്രീറ്റിങ്, ഹൗസ് കീപ്പിങ്, ഇന്റീരിയര്‍ ജോലികള്‍, പ്ലമ്പിങ് എന്‍ജിനീയറിങ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, കല്‍പ്പണി, റോഡ് നിര്‍മാണം, വാട്ടര്‍ പ്രൂഫിങ് തുടങ്ങിയ മേഖലകളില്‍ ഹ്രസ്വകാല സാങ്കേതിക പരിശീലനം നല്‍കുന്നതിനാണ് ആലോചിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എച്ച്.വി.എ.സി. എന്‍ജീനീയറിങ്, പ്ലമ്പിങ് എന്‍ജിനീയറിങ്, പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ മേഖലകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, വാട്ടര്‍ പ്രൂഫിങ്, ജി.പി.എസ്. അധിഷ്ഠിത സര്‍വെ മാപ്പിങ്, എസ്.ടി.പി. / ഡബ്ല്യു.പി.ടി. എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ സൂപ്പര്‍വൈസര്‍ തലത്തിലുള്ള ഹ്രസ്വകാല കോഴ്സുകളും അക്കാദമിയില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോഓപ്പറേറ്റിവ് സൊസൈറ്റി തയാറാക്കിയ രൂപരേഖ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് കൈമാറി. രൂപരേഖ പരിശോധിച്ചശേഷം കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കുമെന്നും ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസന രംഗത്ത് പുതിയ ചുവടുവയ്പ്പാകും അക്കാദമിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ തിരുവല്ലം ശിവരാജന്, കെ.പി. തമ്പി കണ്ണാടന്‍, ഗ്രേസി സാബു, പി. ദിവാകരന്, എ. നാഗരത്നം, ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോഓപ്പറേറ്റിവ് സൊസൈറ്റി ഡയറക്ടര്‍ ഡോ. സേതുമാധവന്, മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു തുടങ്ങിയവരും പങ്കെടുത്തു.