തിരുവനന്തപുരം: പ്രളയാനന്തരമുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത് സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ( State PEID CELL- Prevention of Epidemics and Infectious Disease Cell) പുതിയ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒറ്റ ഡോക്ടറുള്ള ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ സംവിധാനത്തിലൂടെ സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ടാബോ ഉപയോഗിച്ച് രോഗവിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. ഇതിലൂടെ രോഗങ്ങളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനും ഉടന്‍ തന്നെ ആ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും സാധിക്കും. അതിനാല്‍ തന്നെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാവരും ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് ഉപയോഗിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ നിലവിലുള്ള നിരീക്ഷണ സംവിധാനത്തിന് പുറമേ പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാണ് ഈ ഓണ്‍ലൈന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നത്. ലിങ്കില്‍ ( http://bit.ly/cdreporting2019 ) ക്ലിക്ക് ചെയ്യുമ്പോള്‍ സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ തയ്യാറാക്കിയ ചോദ്യാവലി ലഭ്യമാകും. അത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. ആരോഗ്യ വകുപ്പിന്റെ തത്സമയ നിരീക്ഷണമാണ് ഇതിലൂടെ നടക്കുന്നത്. ആവര്‍ത്തന റിപ്പോര്‍ട്ടിംഗ് കണ്ടുപിടിക്കാനും സാധിക്കും. അങ്ങനെ രോഗ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രളയാനന്ത പകര്‍ച്ചവ്യാധികള്‍ ഏറ്റവും നേരത്തെ കണ്ടെത്തി ഇടപെടലുകള്‍ നടത്താനും ഈ ടൂള്‍ കിറ്റിലൂടെ സാധിക്കുന്നു.