ഡ്രോണ്‍ അക്രമണം നേരിട്ട സൗദിയിലെ കിഴക്ക് – പടിഞ്ഞാറ് പൈപ്പ്ലൈന് വഴി സൗദി അരാംകോ എണ്ണ വിതരണം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പൈപ്പ് ലൈനിലെ രണ്ടു പമ്പിംഗ് സ്റ്റേഷനുകള്‍ക്കു നേരെ യെമനിലെ ഹൂതി മിലിഷ്യകള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വഴി ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ സ്റ്റേഷനുകള്‍ക്ക് കേടുപാടുപറ്റുകയും തുടര്‍ന്ന് എണ്ണ കടത്ത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയുമായിരുന്നു. അക്രമണത്തില്‍ തീപിടുത്തമുണ്ടായ ഒരു പമ്പിംഗ് സ്റ്റേഷന് അടച്ചു പൂട്ടുകയും ചെയ്തു. തകരാര്‍ പൂര്‍ണമായും പരിഹരിച്ചാണ് ബുധനാഴ്ച പകല്‍ എണ്ണ വിതരണം പുനരാരംഭിച്ചതെന്ന് പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ അറിയിച്ചു.
1200 കിലോമീറ്റര്‍ വരുന്ന പൈപ്പ്ലൈനിലെ അഫീഫ്, ദവാദ്മി എന്നിവടങ്ങളിലെ യഥാക്രമം എട്ട്, ഒന്‍പത് പമ്പിംഗ് സ്റ്റേഷനുകള്‍ക്കുനേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. സൗദിയുടെ കിഴക്കന്‍ എണ്ണ പാടങ്ങളില്‍നിന്ന് ചെങ്കടല്‍ തുറമുഖ പട്ടണമായ യാന്‍ബുവിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നത് ഈ പൈപ്പ്ലൈന് വഴിയാണ്.