ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉല്പന്നങ്ങള് അണിനിരന്ന, കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യു ഷോര്‍ലൈന്‍ ആംഫിതിയേറ്ററില്‍ നടന്ന ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പര്‍ ഫെസ്റ്റിവലായ ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019 ല്‍ ഇന്ത്യയുടെ തെക്കേയറ്റത്ത് കേരളമെന്ന കൊച്ചുസംസ്ഥാനത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് ആദരിക്കപ്പെട്ടു. അതിന്റെ ഭാഗമായി ആ ഫെസ്റ്റില്‍ മൂന്നുതവണയാണ് റിയാഫൈയ്ക്ക് ഗൂഗിള്‍ പ്രസന്റേഷന് അവസരം നല്‍കിയത്. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെ.എസ്.യു.എം.) മേല്‍നോട്ടത്തിലുള്ള റിയാഫൈ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ്പിനാണ് അത്യപൂര്‍വമായ ഈ ആദരവ് ലഭിച്ചത്. ആഗോളതലത്തില്‍ 8 ലക്ഷം ഡവലപ്പേഴ്സില്‍ നിന്നാണു റിയാഫൈ ശ്രദ്ധിക്കപ്പെട്ടത്. പുതിയ ആപ്ലിക്കേഷനായ ‘കുക്ക്ബുക്ക് റെസിപ്പി’യുടെ വലിപ്പം 37 ശതമാനം കുറയ്ക്കുന്നതിനായി ഗൂഗിളിന്റെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതോടെയാണ് റിയാഫൈ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഗൂഗിള്‍ ഫെസ്റ്റില്‍ ‘ആന്‍ഡ്രോയിഡ് ആപ് ബണ്ടിലി’ലാണ് റിയാഫൈയെ അവതരിപ്പിച്ചത്.
ഭക്ഷ്യ, ഫോട്ടോഗ്രഫി, ഫിറ്റ്നസ് മേഖലകളില്‍ ആപ്ലിക്കേഷനുകളുള്ള റിയാഫൈ ടെക്നോളജീസ് 2013 ല്‍ ആണ് സ്ഥാപിതമായത്. അഞ്ചു വര്‍ഷമായി ഗൂഗിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റിയാഫൈ കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴില്‍ കളമശേരിയിലെ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ജോണ്‍ മാത്യു, സഹ സ്ഥാപകരായ ജോസഫ് ബാബു, എം.നീരജ്, ബെന്നി സേവ്യര്‍, കെ.വി.ശ്രീനാഥ്, ബിനോയ് ജോസഫ് എന്നീ ആറ് സുഹൃത്തുക്കളുടെ കൂട്ടായ്മയാണു റിയാഫൈ. പതിനാലിലധികം ഏര്‍ളി അക്സസ് പ്രോഗ്രാമുകളിലും റിയാഫൈ പങ്കാളിയായിരുന്നു. ഏര്‍ളി അക്സസ് പ്രോഗ്രാമുകളില്‍ പുത്തന്‍ സാങ്കേതികവിദ്യകളുമായി പ്രവര്‍ത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച ഡവലപ്പര്‍മാരെയാണ് ബഹുരാഷ്ട്ര കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. റിയാഫൈയേയും അവയുടെ ഉല്‍പ്പന്നങ്ങളേയും കുറിച്ച് 2015 മുതല്‍ വിവിധ പഠനങ്ങള്‍ ഗൂഗിള്‍ നടത്തിയിട്ടുണ്ട്. കൂടാതെ ഈ സ്ഥാപനത്തെ വിവിധ സമ്മേളനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്.
ആപ്ലിക്കേഷനുകളുടെ വലുപ്പം കുറയ്ക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഈ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. വികസിച്ചുവരുന്ന ഇന്ത്യന്‍ വിപണിയില്‍ ആപ്ലിക്കേഷനുകളുടെ വലിപ്പം നിര്‍ണായകമാണ്. ആപ് സൈസ് കൂടുന്നതു ഡൗണ്‍ലോഡുകളുടെ എണ്ണം കുറയ്ക്കുമെന്നതു തന്നെ പ്രധാന കാരണം. ഒട്ടേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൈസ് കുറഞ്ഞ ആപ്പുകളോടാകും താല്പര്യം കാട്ടുക. കുക്ക് ബുക്ക് ആപ്ലിക്കേഷന്റെ വലിപ്പം 3.5 എംബി ആയി കുറയ്ക്കുന്നതിനാണ് റിയാഫൈ ഗൂഗിളുമായി സഹകരിച്ചത്. ഗൂഗിള്‍ പ്ലേയില്‍ കോണ്വേര്ഷന് റേറ്റ് കൂട്ടി ആപ് ഇന്‍സ്റ്റോള്‍ ചെയ്യുന്ന സന്ദര്‍ശകരുടെ എണ്ണം 19 ശതമാനമായി വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായകമായി. അമ്പത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരേക്കും കുക്ക്ബുക്ക് റെസിപ്പീസ് ഡൗണ്‍ലോഡു് ചെയ്തിട്ടുള്ളത്. മുമ്പുതന്നെ റിയാഫൈയുടെ ആപ് ബണ്ടില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിലുള്ള ഉപഭോക്താക്കളുടെ പ്രതികരണത്തെക്കുറിച്ചും ഗൂഗിള്‍ അന്വേഷണം നടത്തിയിരുന്നു. അഞ്ച് വര്‍ഷമായി ഗൂഗിളിന്റെ പല പ്രോഗ്രാമുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ റിയാഫൈ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിര്‍മ്മിത ബുദ്ധിയില്‍ പേറ്റന്റുള്ള റിയാഫൈ അതുതന്നെയാണ് ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുന്നത്. ഉപയോക്താക്കളുടെ താല്പര്യമനുസരിച്ച് അവര്‍ക്കാവശ്യമുള്ള റെസിപ്പികള്‍ നിര്‍ദ്ദേശിക്കുന്നത് നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയാണ്. പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്ലാറ്റ്ഫോമിനും റിയാഫൈ രൂപം നല്‍കിയിരുന്നു.
റിയാഫൈയിലേയ്ക്കുള്ള വഴി
കോളജ് കാലഘട്ടത്തിലെ കൂട്ടായ്മയും വ്യത്യസ്തമായ ചിന്താഗതിയുമാണ് കോലഞ്ചേരി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളജിലെ സഹപാഠികളായ ജോണ്‍ മാത്യു, നീരജ് മനോഹരന്, ബെന്നി സേവ്യര്‍, കെ.വി. ശ്രീനാഥ്, ജോസഫ് ബാബു, ബിനോയ് ജോസഫ് എന്നിവരെ ഒരുമിപ്പിച്ചത്. കോളജില്‍ പഠിക്കുന്ന കാലത്ത് ചെയ്ത പ്രോജക്ടായിരുന്നു ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിനിമ ഇറങ്ങുന്നതിനു മുമ്പു ആ സിനിമ എങ്ങനെയായിരിക്കും ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ വ്യക്തമാക്കുന്ന ആപ്ലിക്കേഷനായിരുന്നു ഇത്. എല്ലാ തിങ്കളാഴ്ചയുമായിരുന്നു ഇത്തരത്തില്‍ പ്രഡിക്ഷന്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്കു ഭാവിയില്‍ വലിയ സാധ്യതകളുണ്ടെന്നു മനസിലാക്കിയ ഈ കൂട്ടുകാര്‍ ഇത്തരം ആപ്ലിക്കേഷനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. ജോലിക്കായി വന്‍കിട കമ്പനികളില്‍ നിന്നും ഓഫറുകള്‍ വന്നിട്ടും അതൊന്നും സ്വീകരിച്ചില്ല. സ്വന്തമായൊരു സംരംഭമായിരുന്നു ഇവരുടെ ലക്ഷ്യം.
മികച്ച പ്രതികരണം ലഭിക്കുന്ന ഒരു മേഖല ആപ്ലിക്കേഷനായി തെരഞ്ഞെടുക്കണമെന്നതുകൊണ്ടു ഭക്ഷണമേഖല അവര്‍ തെരഞ്ഞടുത്തു. കുക്ക് ബുക്ക് എന്ന പേരില്‍ ആപ്ലിക്കേഷനും ആരംഭിച്ചു. വിവിധ കുക്കിംഗ് റെസിപ്പീസ്, ഷോപ്പിംഗ് ലിസ്റ്റുകള്‍, റെസിപ്പികള്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്, ആരോഗ്യപ്രദമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു കുക്ക് ബുക്ക് തയാറാക്കിയത്. ഉപയോഗിക്കുന്ന ആളുകള്‍ക്ക് അവരുടെ റെസിപ്പികള്‍ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യവും കുക്ക് ബുക്കിലുണ്ട്.
ബിരിയാണി പലവിധത്തിലുണ്ടാക്കാം അതിന് ഒരു ഒറിജിനല്‍ റെസിപ്പിയുണ്ടായിരിക്കും. പക്ഷേ മിക്കവരും ഇതില്‍ തന്നെ പരീക്ഷണങ്ങളും നടത്തുന്നുണ്ട് അത്തരത്തിലുള്ളവര്‍ എന്തെങ്കിലും വ്യത്യസ്തമായി ആപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ വൈവിധ്യമാര്‍ന്ന റെസിപ്പികളുടെ സംയോജനമാണ് കുക്ക് ബുക്ക് എന്ന് റിയാഫൈ ടെക്നോളജീസ് സിഇഒ ജോണ്‍ മാത്യു പറയുന്നു. കുക്ക്ബുക്കിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ താമസിയാതെ പുറത്തിറക്കും അതില്‍ ഓഫ്ലൈനായും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാകും. ആളുകള്‍ക്കു കൂടുതല്‍ പേഴ്സണലായി ഉപയോഗിക്കാന്‍ തക്കവിധത്തിലാകും അപഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കുക. റിലേഷന്‍ ഇന്റലിജന്‍സ് എന്നൊരു സങ്കേതം കൂടി ഉള്‍ക്കൊള്ളിച്ച് ആളുകളുടെ ടേസ്റ്റുകള്‍ മുന്‍കൂട്ടികണ്ട് അവര്‍ക്കായി റെസിപ്പികള്‍ തയാറാക്കാനുള്ള ശ്രമത്തിലാണ് റിയാഫൈ ഇപ്പോള്‍.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രം 56 ലക്ഷത്തിലധികം ഉപയോക്താക്കള്‍ റിയാഫൈയുടെ കുക്ക് ബുക്ക് ഉപയോഗിക്കുന്നു. മൊബൈല്‍ അധിഷ്ടിതമായാണ് കുക്ക് ബുക്ക് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ മൊബൈല്‍ അധിഷ്ഠിതമായ ആപ്പുകള്‍ക്ക് വളരെ പെട്ടന്നു മികച്ച പ്രതികരണം ഉണ്ടാക്കാന്‍ കഴിയും. നിലവില്‍ 157 രാജ്യങ്ങളില്‍ കുക്ക് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, ഇറ്റാലിയന്‍ തുടങ്ങി 23 ഭാഷയില്‍ കുക്ക് ബുക്കിന്റെ ആപ്ലക്കേഷന് ലഭ്യമാകും. അതില്‍ മലയാളമടക്കം അഞ്ച് ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടും.
ഇന്ന് ഫുഡ്, ഫോട്ടോഗ്രഫി തുടങ്ങിയ രംഗങ്ങളിലെ 40ലധികം ആപ്പുകള്‍ ഇവര്‍ പുറത്തിറക്കിക്കഴിഞ്ഞു. ആന്‍ഡ്രോയിഡ് ടി.വി ആപ്പും റിയാഫൈയുടേതായുണ്ട്. സോണിയുടെയും ആപ്പിളിന്റേയും ടെക്നിക്കല്‍ പാട്ണര്‍ കൂടിയാണ് റിയാഫൈ. ഗൂദിള് ഫീച്ചര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ആപ്പ് എന്ന ബഹുമതിയും റിയാഫൈയ്ക്ക് സ്വന്തം.2015 ലാണ് റിയാഫൈയെ ഗൂഗിള്‍ ഫീച്ചര്‍ ചെയ്തത്.
ഗൂഗിള്‍ മികച്ച ആപ്പ് ഡവലപ്പര്‍മാര്‍ക്കായി നല്കുന്ന ബാഡ്ജും റിയാഫൈ ടെക്നോളജീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് റിയാഫൈ കൂടാതെ ഫ്ലിപ്കാര്‍ട്ടിനു മാത്രമാണ് ഈ ബാഡ്ജ് ലഭിച്ചിട്ടുള്ളത്. ഗൂഗിള്‍ ഐഒ ഇവന്റില്‍ ടോപ്പ് ഡവലപ്പര്‍- എഡിറ്റേഴ്സ് ചോയിസ് അവാര്‍ഡുകള്‍ ലഭിച്ചതിന് പുറമേയാണിത്. ആന്‍ഡ്രോയ്ഡിന്റെ ഏതു പ്ലാറ്റ്ഫോമിലും അനായാസമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആപ്പ് തയാറാക്കിയതിനാണ് ടോപ്പ് ഡവലപ്പറായി റിയാഫൈയെ തെരഞ്ഞെടുത്തത്. 57 രാജ്യങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് ആപ്പ് റേറ്റിംഗില്‍ അഞ്ചാം സ്ഥാനത്താണ് റിയാഫൈ. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്.
ഇനിയും പറക്കാന്‍
കഴിഞ്ഞ ആറ് വര്‍ഷത്തെ റിയാഫൈയുടെ കുതിപ്പില്‍ അഞ്ച് വര്‍ഷവും അവര്‍ ഒറ്റയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ അവരുടെ മെന്റര്‍ ആകുന്നത്. അതിന് ശേഷം കമ്പനിയില്‍ 20 ജീവനക്കാര്‍ കൂടിയുള്ള ഒരു ടീം രൂപീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഈ വര്‍ഷം നാലാം പാദത്തില്‍ ടീമിന്റെ എണ്ണം 30 ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണവര്‍. ഇതുവരേയും ഒറ്റയ്ക്ക് തുഴഞ്ഞ റിയൈഫൈ കൂടുതല്‍ വിപുലീകരണത്തിന് വേണ്ടി യോജിച്ച നിക്ഷേപകരെ തേടാനൊരുങ്ങുന്നു എന്നതും 2019 ന്റെ പ്രത്യേകതയാണ്. അടുത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ 100 കോടി ടേണ്ഓവറെന്ന നാഴികക്കല്ല് കടക്കുമെന്ന പ്രതീക്ഷയിലാണവര്‍.
അഭ്യസ്ഥവിദ്യരായ യുവാക്കള്‍ തൊഴില്‍തേടി അന്യനാടുകളിലേയ്ക്ക് പോകുന്നതിന് പകരം സ്വന്തം മണ്ണില്‍ തന്നെ വേരുറപ്പിച്ച് ലോകത്തോളം വളരാനാകുമെന്ന് കേരളം ലോകത്തോട് വിളിച്ചുപറയുകയാണ് റിയാഫൈ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ. ഗൂഗിളടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങി റിയാഫൈ തലയുയര്‍ത്തി നില്ക്കുമ്പോള് ഒപ്പം ബഹുമാനിതരാകുന്നത് കേരളമെന്ന നാടാണ്, ഇവിടത്തെ ഓരോ സംരംഭകരുമാണ്.