കേരളത്തെ കാത്തിരിക്കുന്നത് അവസരങ്ങളുടെ പെരുമഴയാണെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് ഗ്ലോബല്‍ ഡെലിവറി സര്‍വീസസിന്റെ ഇന്ത്യന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റിച്ചാര്‍ഡ് ആന്റണി. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്ക് അനുയോജ്യമായ മണ്ണാണ് കേരളം. അതിന് അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിന്റെ അംഗീകാരമാണ് കേരളത്തിലെ ഡിജിറ്റല്‍ മേഖലയില്‍ അടുത്തിടെ വന്ന നിക്ഷേപങ്ങള്‍. സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷവും, പ്രതിഭാധനരായ യുവജനതയും ഈ മേഖലയിലെ കേരളത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറയുന്നു. റിച്ചാര്‍ഡ് ആന്റണിയുമായി എമര്‍ജിങ് കേരള പ്രതിനിധി വിഷ്ണു ജെ.ജെ. നായര്‍ നടത്തിയ അഭിമുഖം.
? കേരളത്തെ സംരംഭക സൗഹൃദമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് അടക്കം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സംരംഭകരെ ആകര്‍ഷിക്കുന്ന മണ്ണായി പൂര്‍ണമായും കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ?
സംരംഭക ശ്രമങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സാമൂഹ്യ, വിദ്യാഭ്യാസ പരിസ്ഥിതിയാണ് കേരളത്തിന്റേത്. വ്യവസായ- സംരംഭക രംഗത്ത് ഒട്ടേറെ മാതൃകാപരമായ മാറ്റങ്ങള്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്ക് യോജിച്ച ഇടമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ മേഖലയില്‍ അടുത്തിടെ വന്ന നിക്ഷേപങ്ങള്‍, കേരളത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ക്ക് അന്താരാഷ്ട്രാ ബിസിനസ് സമൂഹം നല്കിയ അംഗീകാരമായി കരുതണം. ഇത്തരത്തില്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷവും, പ്രതിഭാധനരായ യുവജനതയും ഈ മേഖലയിലെ കേരളത്തിന്റെ വളര്‍ച്ചയ്ക്കും അതുവഴി സാമ്പത്തിക പുരോഗതിക്കും മുതല്‍ക്കൂട്ടാകും.
? കേരളത്തില്‍ ഏണസ്റ്റ് ആന്‍ഡ് യങിന്റെ പുതിയ പ്രോജക്ട് ആരംഭിക്കുന്നതിനായി താങ്കളും മാനേജിങ് സര്‍വീസ് വിഭാഗം മേധാവി ഹോസ്സേ ലൂയി ഗാര്‍സിയ ഫെര്ണാണ്ടസുമടക്കമുള്ള ഇ.വൈ. പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നല്ലോ. അതിന്റെ പുരോഗതി?
കേരള സര്‍ക്കാരിന്റെ നിലപാടുകളും, ഭരണ സംവിധാനവും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണ തരുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുമായും, ഇതര സ്ഥാപനങ്ങളുമായും സഹകരിച്ച് പുതിയ വളര്‍ച്ചാ സാധ്യതകള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.
? കേരളം മുന്നോട്ടു കുതിക്കുന്ന സമയത്താണ് പ്രളയം കേരളത്തെയാകെ തകര്‍ത്തു കളഞ്ഞത്. ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ അതിനെ അതിജീവിക്കാന്‍ നമുക്ക് സാധിച്ചു. എങ്കിലും പൂര്‍ണമായും പഴയ ട്രാക്കിലേക്കെത്തി എന്ന് പറയാന്‍ സാധിക്കില്ല. നാം ശരിയായ പാതയിലാണോ? കേരളം ഇനി പഴയ ട്രാക്കിലെത്താന്‍ എത്രനാള്‍ കൂടി വേണ്ടിവരും?
പ്രളയകാലത്തെ ബുദ്ധിമുട്ടുകളെ സംസ്ഥാനം വളരെ കാര്യക്ഷമതയോടെ തരണം ചെയ്തു. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. കേരളത്തിലെ ഓരോ പൗരനും അതില്‍ പങ്കാളിയാകണം. അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ കൊണ്ടുമാത്രമേ കേരളത്തിന് പഴയ ട്രാക്കിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയൂ. എങ്കില്‍ മാത്രമേ ഭാവിയിലും ഇത്തരം ദുരിതങ്ങള്‍ വേണ്ട വിധം ചെറുക്കാന്‍ സാധിക്കുകയുള്ളൂ.
? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് വ്യവസായമേഖലയിലെ മനുഷ്യാധ്വാനത്തിന്റെ പ്രധാന്യം കുറയ്ക്കുമെന്ന് ആശങ്കപ്പെടുന്നുണ്ടോ? ഈ പ്രതിസന്ധിയെ എത്തരത്തിലാകും മറികടക്കുന്നത്?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മറ്റ് നൂതന സാങ്കേതിക വിദ്യകളും സംസ്ഥാനത്തിന്റെ തൊഴില്‍ സാധ്യതകളെ ത്വരിതപ്പെടുത്തുന്നവയും വ്യാവസായിക മേഖലകളില്‍ മൂല്യവര്‍ധനവ് സൃഷ്ടിക്കുകയും ചെയ്യുന്നവയാണ്. ഇതിന് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പതിന്മടങ്ങ് വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ ഇക്കോണമി എന്ന ലക്ഷ്യം സാധ്യമാക്കുവാനും സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, അതുമായി ബന്ധപ്പെട്ടിരിക്കുന്ന സാങ്കേതിക വിദ്യകളായ റിപ, ബ്ലോക്ക് ചെയ്ന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ് എന്നിവയും സംസ്ഥാനത്തിന് മികച്ച അവസരങ്ങള്‍ ഒരുക്കും. കേരള സര്‍ക്കാര്‍ ഈ രംഗത്ത് സജീവമായ ഇടപെടലുകളാണ് നടത്തിപ്പോരുന്നത്. കേരള ബ്ലോക്ക് ചെയ്ന്‍ അക്കാഡമി വഴിയും, ഐ.സി.ടി. ആക്കാഡമി മുഖേനയും നടത്തുന്ന ഇടപെടലുകള്‍ അക്കാദമിക തലത്തിലും, വ്യാവസായിക തലത്തിലും ഏറെ ചലനങ്ങള്‍ ഉണ്ടാക്കും.
? രാജ്യം സാമ്പത്തികമായി വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഈ കാലഘട്ടത്തില്‍ തൃപ്തികരമായൊരു വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ടോ?
ഗ്ലോബല്‍ ഡെലിവറി സര്‍വീസ് രംഗത്ത് ഇന്ത്യയിലെ ഞങ്ങളുടെ വളര്‍ച്ചയെ ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്.
? ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിപുലീകരണ പദ്ധതികള്‍ ഉണ്ടോ?
ദേശീയതലത്തില്‍ ചില ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും വളരാനും ഏണസ്റ്റ് ആന്‍ഡ് യങിന് സാധിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്, ഐ.സി.ടി. അക്കാദമി ഓഫ് കേരള, ബ്ലോക്ക് ചെയ്ന്‍ അക്കാഡമി എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ഞങ്ങള്‍ക്ക് ഇടപെടലുകള്‍ ശക്തമാക്കുവാനും, ഇവിടത്തെ വ്യവസായ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും സാധിക്കുന്നു.
? ഒട്ടും സ്ഥായിയല്ലാത്ത സമ്പദ്ഘടന ആണല്ലോ കേരളത്തിലേത്. മദ്യം, ലോട്ടറി, പ്രവാസി എന്നിവയൊക്കെ മാത്രമാണ് കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. ഇതില്‍ നിന്നും മറികടന്ന് ഒരു സുസ്ഥിരത കൈവരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ടോ?
കേരളം ഇന്ന് ഒരു സംരംഭകസൗഹൃദ സംസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു നല്ല മാറ്റമാണ്. തുടര്‍ന്നും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും, പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും അനുകൂലമായ നയങ്ങള്‍ ഗവണ്മെന്റ് സ്വീകരിക്കണം. അതു വഴി കേരളത്തിന്റെ വളര്‍ച്ചയെ സുഗമമാക്കണം. ഇതുകൂടാതെ വ്യാവസായിക മേഖലയെ അക്കാദമിക തലവുമായി ബന്ധിപ്പിക്കണം. അതു വഴി ആഗോള മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സാധിക്കും. ഇത്തരം ഇടപെടലുകള്‍ കേരളത്തിന്റെ വളര്‍ച്ചയുടെ നിരക്കും വേഗതയും വര്‍ധിപ്പിക്കും, കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.