ഓഫീസുകളിലും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പേര്‍സണല്‍ കപ്യൂട്ടറുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ തെളിയുന്നത് പെട്ടിപോലുള്ള വലിയ പ്രോസസിംഗ് യൂണിറ്റുകളോട് കൂടിയ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളായിരിക്കും. ലാപ്ടോപ്പുകള് വന്നതോടെ ഏറെ സ്ഥലം അപഹരിക്കുന്ന ഇത്തരം പെട്ടികള്‍ ഏറെക്കുറെ അപ്രത്യക്ഷമായെങ്കിലും എല്ലാ സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്നവയല്ല ലാപ്ടോപ്പുകള് എന്ന പോരായ്മ മിക്ക ആഫീസുകളിലും ഇന്നും ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. എന്നാല്‍ വലിപ്പമേറിയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ എന്ന സങ്കല്‍പ്പത്തെ മാറ്റി മറിച്ച് കൊണ്ട് കൈവെള്ളയിലൊതുങ്ങുന്ന കമ്പ്യൂട്ടറുകള്‍ കേരളത്തില്‍ നിന്നും ലോകവിപണിയിലെത്തുകയാണ്.
‘സ്മാഷ് പി.സി.’ എന്ന ചെറുകമ്പ്യൂട്ടര് ഐ.ടി.ഐ. പാലക്കാട് എന്ന പൊതുമേഖലാ സ്ഥാപനമാണ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ടെലകോം ഉത്പന്ന നിര്‍മ്മാണ സേവന സ്ഥാപനമാണ് ഐ.ടി.ഐ. (ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്). ഒരുകാലത്ത് നമ്മുടെ വീടുകളില്‍ സ്ഥാപിച്ചിരുന്ന ലാന്ഡ്ഫോണുകളൊക്കെയും ഐ.ടി.ഐ ഉല്പന്നമായിരുന്നു എന്നത് നമ്മുടെ രാജ്യത്തെ ടെലകോം മേഖലയില്‍ ഇവര്‍ക്കുണ്ടായിരുന്നു സ്ഥാനവും അനുഭവ സമ്പത്തും വ്യക്തമാക്കുന്നു. 1950 ല്‍ സ്വതന്ത്ര ഇന്ത്യയില്‍ രൂപം കൊണ്ട ഐ.ടി.ഐ. കേന്ദ്ര ടെലകോം മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെമ്പാടും ആറ് നിര്‍മ്മാണ പ്ലാന്റുകളും എട്ട് റീജണല്‍ ഓഫീസുകളും 28 ഏരിയ ഓഫീസുകളും ഐ.ടി.ഐയുടേതായി പ്രവര്‍ത്തിക്കുന്നുണ്ട്.
ബി.എസ്. എന്‍. എല്‍, എം.ടി.എന്‍.എല്‍. എന്നീ ടെലികോം സേവന ദാതാക്കള്‍ക്ക് വിവിധ ഉല്പന്നങ്ങള് നിര്‍മ്മിച്ച് നല്‍കിവരുന്ന ഐ.ടി.ഐയുടെ പുതിയ കാല്വായ്പ്പാണ് സ്മാഷ് പിസി. ഐ.ടി.ഐ. പാലക്കാട്ടേക്ക് വരുന്നത് 1975 ലാണ്. ഇലക്ട്രോണിക് സ്വിച്ചിങ്ങ് ഘടകങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ യൂണിറ്റിന്റെ ലക്ഷ്യം. ടെലികോം രംഗത്തെ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാണത്തില്‍ നിന്നും സിം കാര്‍ഡ്, ബാങ്കിങ് ആവശ്യങ്ങള്‍ക്കുള്ള സ്മാര്‍ട്ട്കാര്‍ഡ്, നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ്, മള്‍ട്ടി ലെയര്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയുടെ വ്യാപക തോതിലുള്ള പൊതുമേഖലാ ഉത്പാദന സ്ഥാപനം എന്ന പേരിനു ഐ.ടി.ഐ. പാലക്കാട് പാത്രമാകുകയും ചെയ്തു. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ പോലെ രാജ്യത്തിനു അഭിമാനമായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ഡിഫന്‍സ് മേഖലയിലെയും, ബി.ഇ.എല്‍, എച്ച്.എ.എല്‍, ബി.ഇ.എം.എല്‍, എന്‍.പി.ഒ.എല്‍. പോലുള്ള വന്‍കിട കമ്പനികള്‍ക്കും ഇലക്ട്രോണിക് അനുബന്ധ ഉത്പാദനത്തില്‍ കൈകോര്‍ക്കാനും ഐ.ടി.ഐ. പാലക്കാടിനു അവസരമുണ്ടായത് അവരുടെ മികവിനുള്ള അംഗീകാരമാണ്.
മാറുന്ന കാലത്തിനൊത്തുള്ള മാറ്റത്തിന് തുടക്കമിടാന്‍ ഐ.ടി.ഐ. പാലക്കാട് തിരഞ്ഞെടുത്ത ഉല്പന്നമാണ്’ സ്മാഷ് പി.സി.’ എന്ന കോംപാക്ട് പേഴ്സണല്‍ കമ്പ്യൂട്ടര്‍.
സ്മാഷ് പി.സി.യുടെ മേന്മകള്
ഭാരക്കുറവും വലിപ്പക്കുറവും:
ഒതുക്കമുളള രൂപകല്‍പ്പനയോട് കൂടിയെത്തുന്ന സ്മാഷ് പിസിക്ക് വലിപ്പം വളരെ കുറവാണ്; അതായത് ഒരു മനുഷ്യന്റെ കൈവെള്ളയില്‍ സുഗമമായി ഇരിക്കുന്ന രീതിയിലുള്ള ഈ കുഞ്ഞന്‍ ഉപകരണം പ്രവര്‍ത്തനത്തില്‍ സാധാരണ കംപ്യൂട്ടറുകളെപ്പോലെയോ അല്ലെങ്കില്‍ അവയേക്കാളോ കരുത്തുറ്റവയാണ്.അതായത് ഇവയുടെ വലിപ്പക്കുറവ് പ്രവര്‍ത്തനക്ഷമതയെ യാതൊരു രീതിയിലും സ്വാധീനിക്കുന്നില്ല. 20 ത 20 ത 4 സെന്റിമീറ്റര്‍ വലിപ്പം മാത്രമുള്ള സ്മാഷ് പിസി മോണിറ്ററിനു പിന്നിലോ ഭിത്തിയിലോ ഉറപ്പിക്കാന്‍ പറ്റുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭിത്തിയിലോ മോണിറ്ററിനു പിന്നിലോ ഉറപ്പിക്കാതെ നിങ്ങള്‍ പണിയെടുക്കുന്ന മേശയുടെ ഒരുകോണില്‍ ഒതുക്കി വച്ചും ഈ ചെറു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം:
നിലവില്‍ വിപണിയില്‍ ലഭ്യമായ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുവെന്നത് സ്മാഷ് പിസിയുടെ സവിശേഷതയാണ്. ഇന്റല്‍ കോര്‍ ഐ 3, കോര്‍ ഐ 5, കോര്‍ ഐ 7 എന്നീ പ്രോസസറുകളോടെ നിലവില്‍ സ്മാഷ് പിസി ലഭ്യമാണ്. 8 ജിബി, 16 ജിബി, 32 ജിബി എന്നീ റാം ഓപ്ഷനുകളിലും; 256 ജിബി മുതല്‍ 2 ടിബി വരെയുള്ള എസ്.എസ്.ഡി സെക്കണ്ടറി സ്റ്റോറേജ് സൗകര്യത്തിനൊപ്പവും ഈ കമ്പ്യൂട്ടര്‍ വാങ്ങാം.. ഇന്റെര്‍നെറ്റ് പോര്‍ട്ട്, എച്ച്.ഡി.എം. ഐ പോര്‍ട്ട്, യു.എസ് .ബി പോര്‍ട്ട്, വി ജി എ പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാഷ് പിസിയില്‍ ലഭ്യമാണ്. അത്യാധുനിക ഒപ്റ്റെയിന് മെമ്മറിയുടെ സാന്നിധ്യവും സ്മാഷ് പിസിയെ കാലോചിതമാക്കുന്നു.
ശബ്ദരഹിതമായ പ്രവര്‍ത്തനം:
സ്മാഷ് പിസിയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന അലൂമിനിയം ബോഡി പിസിയുടെ ഉള്ളില്‍ നിന്നും ചൂട് പുറത്തേക്ക് പ്രസരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതു മൂലം ഇതില്‍ യാതൊരു ഫാനുകളും ഉപയോഗിക്കുന്നില്ല. കറങ്ങുന്ന ഭാഗങ്ങളൊന്നും കമ്പ്യൂട്ടറില്‍ ഇല്ലാത്തതിനാല്‍ ശബ്ദ രഹിതമായ പ്രവര്‍ത്തനമാണ് സ്മാഷ് പിസി കാഴ്ച്ചവയ്ക്കുന്നത്. ചലിക്കുന്നതോ കറങ്ങുന്നതു ആയ യാതൊന്നും ഈ കംപ്യൂട്ടറിന്റെ ഭാഗമല്ലാത്തതിനാല്‍ കാലക്രമത്തില്‍ വരാവുന്ന കേടുപാടുകള്ക്കുമുള്ള സാധ്യതയും വളരെ കുറവാണ്.
കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം:
സ്മാഷ് പിസിയെ മറ്റു സാധാരണ കമ്പ്യൂട്ടറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവയുടെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമാണ്.സാധാരണ കമ്പ്യൂട്ടറുകള്‍ ഏകദേശം 130 വാട്ട്സ് ഉപയോഗിക്കുമ്പോള്‍ സ്മാഷ് പിസി വെറും 15 വാട്ട്സ് ആണ് ഉപയോഗിക്കുന്നത് (മോണിറ്റര്‍ ഇല്ലാതെയുള്ള കണക്ക്). സാധാരണ 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസില്‍ ഒരു വര്‍ഷം പരമാവധി 280 പ്രവര്‍ത്തി ദിനങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ശാരാശരി 1000 കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ആ ഓഫീസിലെ വൈദ്യുതി ഉപഭോഗം പ്രതിവര്‍ഷം 130 ത 8 ത 280 (ലോഡ് ത ഒരു ദിവസത്തെ പ്രവര്‍ത്തി സമയം ത വര്‍ഷത്തിലെ ആകെ പ്രവര്‍ത്തി ദിനങ്ങള്‍) =2,91,200 യൂണിറ്റ് ആയിരിക്കും (1000 കമ്പ്യൂട്ടറുകള്‍ക്ക്). എന്നാല്‍ ഇവയ്ക്കു പകരം സ്മാഷ് പിസി ഉപയോഗിക്കുകയാണെങ്കില്‍ ആ ഓഫീസിലെ വൈദ്യുതി ഉപഭോഗം പ്രതിവര്‍ഷം 15 ത 8 ത 280 (ലോഡ് ത ഒരു ദിവസത്തെ പ്രവര്‍ത്തി സമയം ത വര്‍ഷത്തിലെ ആകെ പ്രവര്‍ത്തി ദിനങ്ങള്‍) =33,600 യൂണിറ്റ് മാത്രം ആയിരിക്കും (1000 കമ്പ്യൂട്ടറുകള്‍ക്ക്). അതായത് വൈദ്യുതി ഉപഭോഗത്തില്‍ 2,57,600 യൂണിറ്റ് (രണ്ടര ലക്ഷത്തോളം വ്യത്യാസം) ലാഭം ഉണ്ടാക്കാന്‍ സ്മാഷ് പിസിക്ക് കഴിയുന്നു. യൂണിറ്റിന് 7 രൂപ നിരക്കില്‍ കണക്കുകൂട്ടുകയാണെങ്കില്‍ സാധാരണ കംപ്യൂട്ടറുകളുടെ ഉപഭോഗം മൂലം 20,38,400 രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ ചെലവ് വരുമ്പോള്‍ സ്മാഷ് പിസി കാരണമുണ്ടാകുന്ന വൈദ്യുതി ബില്‍ വെറും 2,35,200 രൂപ മാത്രമാണ് അതായത് സ്മാഷ് പിസി ഉപയോഗം കൊണ്ട് 1000 കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രതിവര്‍ഷം 18 ലക്ഷത്തിലധികം രൂപ ലാഭിക്കാന്‍ കഴിയും. സോളാര്‍ അധിഷ്ഠിത സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ ആകെയുള്ള ഉപഭോഗത്തിന്റെ ( അതായത് ഇവിടുത്തെ കണക്കനുസരിച്ചുള്ള 33,600 യൂണിറ്റ്) 95 ശതമാനവും സൗരോര്‍ജ്ജത്തില്‍ നിന്നും ഉപയോഗിക്കാനാകും.
ഇരട്ട ഡിസ്പ്ലെ സൗകര്യം പിന്തുണക്കുന്ന സ്മാഷ് പിസി വിന്‍ഡോസ്, ലിനക്സ് പ്ലാറ്റ്ഫോമുകള്‍ക്ക് തികച്ചും അനുയോജ്യമാണ്. ലിനക്സ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മികച്ച ഒരു ഓപ്ഷനായിരിക്കും ഒരു പൊതുമേഖലാ സ്ഥാപനം തന്നെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്ന ഈ ചെറു കമ്പ്യൂട്ടര്‍. യു.എസ്.ബി 3.0 യുടെ അതിവേഗ കണക്റ്റിവിറ്റിയും 4090 ത 2304 പിക്സല്‍ റെസലൂഷന്‍ പിന്തുണയും, 4 കെ എച്ച്ഡി ഗ്രാഫിക്സ്, ഹൈ എന്‍ഡ് ഗെയിമിങ് സൗകര്യവുമൊക്കെ വ്യക്തിഗത ഉപയോഗങ്ങള്‍ക്കും എന്റര്ടൈന്മെന്റ്സ്റ്റുഡിയോ ഉപയോഗങ്ങള്‍ക്കും സ്മാഷ് പിസിയെ പ്രാപ്തമാക്കുന്നു.
ഇന്റല്‍ പിന്തുണയില്‍ വിപണിയിലെത്തുന്ന സ്മാഷ് പിസി സര്‍ക്കാര്‍ തലത്തില്‍ പരീക്ഷണ പ്രവര്‍ത്തനം വിജയകരമായി നടത്തിവരികയാണ്. പരിസ്ഥിതി സൗഹാര്‍ദ്ദം എന്ന് കൂടി അവകാശപ്പെടാവുന്ന സ്മാഷ് പിസി ഹരിത കമ്പ്യൂട്ടിങ്ങ് എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പ് എന്ന നിലയില്‍ തിരുവനന്തപുരത്തെ വെള്ളയമ്പലം സബ്ട്രഷറിയില്‍ സൗരോര്‍ജ്ജ അധിഷ്ഠിത പിന്തുണയോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വരുന്നു. സാധാരണ കംപ്യൂട്ടറുകള്ക്കാവശ്യമായ 400 യൂണിറ്റോളം കെ.എസ്.ഇ.ബി ഗ്രിഡ് വൈദ്യുതിയുടെ സ്ഥാനത്ത് ഈ മണ്‍സൂണ്‍ കാലയളവൊഴികെയുള്ള 26 ദിവസങ്ങളില്‍ വെറും 14 യൂണിറ്റ് മാത്രമാണ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സ്മാഷ് പിസിയുടെ വിജയസാധ്യത പൊതുജനങ്ങളോട് പങ്കുവച്ചത്.
സോളാര്‍ അധിഷ്ഠിത കമ്പ്യൂട്ടിങ് സാഹചര്യത്തില്‍ സൂര്യപ്രകാശം ലഭ്യമല്ലാത്ത സമയങ്ങളില്മൂന്നു മണിക്കൂര്‍ പവര്‍ ബാക്കപ്പ് നല്കുന്ന ലിഥിയം ആയണ് ഫോസ്ഫേറ്റ് (LiFePO4) ബാറ്ററിയാണ് സ്മാഷ് പിസിക്ക് കരുത്ത് പകരുന്നത്. ഈ ഉത്പന്നം വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ ഫ്യുവല്‍ നേട്ടവും ഇവേസ്റ്റുകളുടെ അളവില്‍ വ്യാപകമായ കുറവും സാധ്യമാകും. ‘സ്മാഷ് പിസി’ ക്ക് വിവിധ ഓഫീസുകളിലെ യു.പി.എസ് റൂമുകളുടെ ആവശ്യമില്ലാതെയാക്കുന്നതോടൊപ്പം സ്റ്റോറേജ് ലെഡ് ആസിഡ്/ ടൂബുലാര്‍ ബാറ്ററികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാകും. സാധാരണ യു.പി.എസ് ബാറ്ററികള്‍ സാധാരണ രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ മാറ്റേണ്ടി വരുമ്പോള്‍ അഞ്ചു വര്‍ഷം വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സ്മാഷ് പിസിയുടെ ലിഥിയം അയോണ്‍ ഫോസ്ഫേറ്റ് ബാറ്ററിക്ക് കഴിയും. എന്തായാലും വരും നാലുകളില്‍ പാലക്കാട്ട് നിന്നുള്ള ഈ സ്മാഷ് കാറ്റ് രാജ്യമൊട്ടാകെ ആഞ്ഞുവീശുമെന്നതില് തര്‍ക്കമില്ല. കമ്പ്യൂട്ടര്‍ ഉത്പാദന രംഗത്ത് മറ്റൊരു കേരളാ മോഡലിന് കൂടി സ്മാഷ് പിസി യിലൂടെ നമുക്ക് കാത്തിരിക്കാം.