എസ്.ആര്. നന്ദകുമാര്‍
സ്വര്‍ണ്ണത്തോട് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, വൈകാരികമായ ഒരു അടുപ്പമാണുള്ളത്. സമ്പാദ്യമായും നിക്ഷേപമായും ആഡംബരചിഹ്നമായും ഒക്കെയായാണ് നാം സ്വര്‍ണത്തെ കാണുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലെല്ലാം സ്വര്‍ണ്ണത്തിന്റെ സാന്നിധ്യവുമുണ്ടാവും. ഒരു തരി പൊന്നില്ലാത്ത ഏതു വീടുണ്ടാവും കേരളത്തില്‍. പക്ഷേ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണ്ണം ഒരു പരാജയമാണ് എന്നതാണ് സത്യം. ഒരു അത്യാവശ്യത്തിന് കയ്യിലുള്ള സ്വര്‍ണ്ണം വിറ്റു പണമാക്കാന്‍ ജൂവലറിയില്‍ ചെന്നിട്ടുള്ളവര്ക്കറിയാം, വിപണിവിലയേക്കാള്‍ എത്രയോ താഴെയാണ് തിരിച്ചു കിട്ടുന്നതെന്ന്. പുതിയത് വാങ്ങുമ്പോഴാകട്ടെ, പണിക്കൂലിയും പണിക്കുറവുമായി 5 മുതല്‍ 20 ശതമാനം വരെ അധികം തുക നല്‍കേണ്ടി വരാറുണ്ട് പലപ്പോഴും. ഇതിനൊക്കെ പുറമെയാണ് വിപണി വിലയിലെ ചാഞ്ചാട്ടവും. നമുക്ക് അത്യാവശ്യമുള്ള സമയത്താവും വില കുറയുകയോ കൂടുകയോ ഒക്കെ ചെയ്യുന്നത്.
ഇന്ത്യാക്കാരുടെ സ്വര്ണ്ണമോഹത്തെ തൃപ്തിപ്പെടുതാന്‍ വന്‍തോതില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യേണ്ടി വരുന്നതിലൂടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ് സംഭവിക്കുന്നു എന്ന അപകടവുമുണ്ട്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്നു നില്ക്കുന്നതില് സ്വര്‍ണ്ണത്തിന്റെ പങ്ക് ചില്ലറയല്ല. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നടത്തിയ പഠനത്തില്‍, ലോകത്തേറ്റവും സ്വര്‍ണ്ണ ശേഖരമുള്ളത് ഇന്ത്യന്‍ കുടുംബങ്ങളിലാണ് എന്ന് കണ്ടെത്തിയിരുന്നു. എണ്ണൂറു ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന 25000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെ മൊത്തം കുടുംബങ്ങളുടെ പക്കലായി ഉള്ളത്. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ പകുതിയോളം വരും. ക്ഷേത്രങ്ങളും ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്ന സ്വര്‍ണം കൂടാതെയാണ് ഇത്. 2010ല്‍ സ്വര്ണത്തിന്മേലുള്ള ഡിമാന്‍ഡ് 963 ടണ്‍ ആയിരുന്നെങ്കില്‍ 2016ലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് അത് 666 ടണ്ണിലേക്ക് കൂപ്പു കുത്തിയിരുന്നു. ഇപ്പോള്‍ അത് തിരിച്ചുവരവിന്റെ പാതയിലാണ്. 2018ല്‍ 760 ടണ്ണായിരുന്നു ഡിമാന്‍ഡെങ്കില്‍ 2019ല്‍ അത് 750 നും 850നും ഇടയിലായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെ വീടുകളില്‍ കെട്ടിക്കിടക്കുന്ന സ്വര്‍ണത്തിന്റെ അതിഭീമ ശേഖരത്തിന്റെ ഒരു ഭാഗമെങ്കിലും പണമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഒരു വലിയ കുതിപ്പിന് വഴിതെളിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി
ഭൗതികമായ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനു പകരം സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി. 2015- 16 ലെ പൊതു ബജറ്റിലാണ് ഇത് ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭായോഗം ഇതിനു അനുമതി നല്കി. ഇതിനു കീഴില്‍ ആദ്യമായി ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കിയത് 2015 നവംബറിലാണ്.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ആണ് സോവറിന്‍ സ്വര്‍ണ്ണ ബോണ്ടുകള്‍ പുറത്തിറക്കുന്നത്. വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കാണ് സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപം നടത്താന്‍ അര്‍ഹതയുള്ളത്. കൂട്ടായ നിക്ഷേപവും അംഗീകൃതമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ക്കും നിക്ഷേപം നടത്താം. നാമനിര്‍ദ്ദേശത്തിനും അനുമതിയുണ്ട്.ഒരു വ്യക്തിക്ക് ചുരുങ്ങിയത് ഒരു ഗ്രാം മുതല്‍ പരമാവധി നാല് കിലോ വരെ സ്വര്‍ണ്ണം ബോണ്ട് രൂപത്തില്‍ വാങ്ങാവുന്നതാണ്. ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും ഇരുപതു കിലോ വരെ വാങ്ങാം. ദേശസാത്കൃത ബാങ്കുകളുടെ ബ്രാഞ്ചുകള്‍, ഷെഡ്യൂള്‍ഡ് െ്രെപവറ്റ് ബാങ്കുകള്‍, നിശ്ചിത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എച്ച്.ഐ.ഐ.എല്‍), അംഗീകൃത സ്റ്റോക്ക് എക്സ്ചഞ്ചുകള്‍ (BSE, NSE) എന്നിവ വഴിയാണ് ബോണ്ടുകള്‍ വില്‍ക്കപ്പെടുന്നത്. ഡീമാറ്റ് ആയോ കടലാസ് രൂപത്തിലോ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ലഭിക്കും.
സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയ്ക്ക് കീഴില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 3146 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ സ്വര്‍ണവില നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി പണമടക്കുന്നവര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ ഇളവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആദ്യനിക്ഷേപത്തിനുമേല് എല്ലാ വര്‍ഷവും 2.5 ശതമാനം പലിശ ലഭിക്കും എന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യം. അര്‍ദ്ധവാര്‍ഷികമായി നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റാവും.
ഷെയര്‍ മാര്‍ക്കറ്റിലൂടെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാം. മാത്രമല്ല, വായ്പകള്‍ക്ക് ഈടായും ഈ ബോണ്ടുകള്‍ ഉപയോഗിക്കാം. എട്ട് വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. എങ്കിലും അഞ്ചാമത്തെ വര്‍ഷം മുതല്‍ വിപണിയില്‍ ലഭ്യമായ സ്വര്‍ണ്ണ വിലയ്ക്ക് പണമായി മാറ്റാവുന്നതാണ്. എട്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ വിപണിവിലയ്ക്ക് ബോണ്ടുകള്‍ പണമാക്കി മാറ്റാവുന്നതാണ്. വിപണിവില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജൂവലേഴ്സ് അസോസിയേഷന്റെ കഴിഞ്ഞ മൂന്നു ദിവസത്തെ 999 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ്.
പലിശയ്ക്കു മേല്‍ ആദ്യനികുതി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നികുതി ചുമത്തപ്പെടും. ടി.ഡി.എസ് ഈ പദ്ധതിയ്ക്ക് ബാധകമല്ല. വ്യക്തി സ്വര്‍ണ ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാവുന്നതുവരെ സൂക്ഷിക്കുകയാണെങ്കില്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സില്‍ നിന്നും ഒഴിവാക്കപ്പെടും.
നേട്ടങ്ങള്‍
സ്വര്ണ്ണബാറുകളുടെയും നാണയങ്ങളുടെയും 300 ടണ്‍ വരുന്ന പ്രതിവര്‍ഷ വില്പനയുടെ ഒരു ഭാഗം ഇതിലൂടെ സ്വര്‍ണ്ണ ബോണ്ടുകളിലേക്കുള്ള നിക്ഷേപമായി മാറും. ഈ പണം സര്‍ക്കാരിന് വികസനപദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ അവസരമൊരുങ്ങും. ഇന്ത്യയുടെ ആഭ്യന്തര സ്വര്‍ണ്ണ ആവശ്യം നിറവേറ്റുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍, ഈ പദ്ധതി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് സഹായിക്കും.
ഭൗതികമായ സ്വര്‍ണം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും ഇവിടെയില്ല. മോഷണവും പിടിച്ചുപറിയും സര്‍വസാധാരണയായി ഈ കാലത്ത് ഇതൊരു നല്ല അവസരം കൂടിയാണ്. പണിക്കൂലി, പണിക്കുറവ്, കാലം ചെല്ലുമ്പോഴുള്ള പോളിഷിംഗ് ചാര്‍ജ് തുടങ്ങിയവയൊന്നും ഇതിനു ബാധകമല്ല. മാത്രമല്ല സ്വര്‍ണ്ണാഭരണം വില്‍ക്കുമ്പോഴുള്ള കുറവുകളൊന്നും സ്വര്‍ണ്ണ ബോണ്ടില്‍ ഉണ്ടാവുന്നുമില്ല. എല്ലാതിലുമുപരി വീട്ടിലോ ലോക്കറുകളിലോ ഇരിക്കുന്ന സ്വര്‍ണ്ണം അവിടെ വെറുതെ ഇരിക്കുന്ന കാലത്തോളം നിഷ്പ്രയോജനമാണ്. എന്നാല്‍ സ്വര്ണബോണ്ടാകട്ടെ നിശ്ചിത പലിശ ഉറപ്പു നല്കുന്നു.
എന്നാല്‍ സ്വര്‍ണ്ണവിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായിട്ടായിരിക്കും നിക്ഷേപകര്‍ക്കു ലഭിക്കുന്ന ആദായം എന്ന ഒരു അപകടസാധ്യത ഇവിടെയുമുണ്ട്. അപ്പോഴും ഭൗതികമായ സ്വര്‍ണ്ണത്തിന്റെ ഗുണങ്ങളെല്ലാം ഉള്ളതും ദോഷങ്ങള്‍ ഒന്നുമില്ലാതതുമായ മികച്ച നിക്ഷേപം തന്നെയാണിത് എന്നതില്‍ സംശയമില്ല.
സോവറിന്‍ സ്വര്‍ണ്ണബോണ്ടുകള്‍ വാങ്ങാന്‍
ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാന്‍ അവസരമുള്ളത്. അടുത്തതായി സ്വര്‍ണ്ണ ബോണ്ട് വാങ്ങാന്‍ സെപ്തംബര്‍ 09 മുതല്‍ 13 വരെ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 17 നാണ് സര്‍ക്കാര്‍ അടുത്തതായി സ്വര്‍ണ്ണ ബോണ്ട് വിതരണം ചെയ്യുന്നത്.