തിരുവനന്തപുരം: ടൈറ്റന്റെ ഏറ്റവും പുതിയ ബ്രാന്‍ഡായ ‘തനെയ്റ’ ഇതാദ്യമായി തിരുവനന്തപുരത്ത് കൈത്തറിസാരികളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിക്കുന്നു. എംജി റോഡില്‍ പുളിമൂട് ജംഗ്ഷനു സമീപം സൗന്ദര്യ ബില്‍ഡിംഗിന്റെ മൂന്നാം നിലയിലെ തനിഷ്ക് ഷോറൂമിലാണ് ഓഗസ്റ്റ് രണ്ട് മുതല്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം. തനെയ്റയുടെ തനിമയാര്‍ന്ന ശേഖരത്തിലെ 1500 സാരികളാണ് പ്രദര്‍ശനത്തിലുള്ളത്. സില്‍ക്ക് കോട്ടണ്‍ ചന്ദേരി, മഹേശ്വരി, മൃദുത്വമാര്‍ന്ന ബംഗാള്‍ ജാംദനി കോട്ടണ്‍, കാഞ്ചീവരം, ബനാറസി സില്‍ക്ക് എന്നിവയ്ക്കൊപ്പം നവീനമായ ടസര്‍, വര്‍ണവൈവിധ്യമാര്‍ന്ന ഇകട്, സൗത്ത് സില്‍ക്ക് എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
പ്രകൃതിയും പാരമ്പര്യവും പൂര്‍ണമായും കൂടിച്ചേരുന്ന തിരുവനന്തപുരം നഗരത്തില്‍ 55 വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കരവിരുതാല്‍ തീര്‍ത്ത സാരികളാണ് ഒരേ കൂരയ്ക്കു കീഴില്‍ ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റന് കമ്പനി ലിമിറ്റഡിന്റെ തനെയ്റ ബിസിനസ് ഹെഡ് ശ്യാമള രമണന് പറഞ്ഞു. ഇന്ത്യയിലെ 55 വിവിധ പ്രദേശങ്ങളില്നിന്നുള്ളവയ്ക്ക് പുറമെ തനെയ്റയില് രൂപകല്‍പ്പന ചെയ്ത സാരികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാരി ധരിക്കുന്ന വനിതകളില്‍ നിന്ന് മികച്ച സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്യാമള രമണന് പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. രാജസ്ഥാനില്‍നിന്നുള്ള സംഗനേരി ബ്ലോക്ക് പ്രിന്റ്, വൈവിധ്യമാര്‍ന്ന ഇകട് പ്രിന്റുകള്‍, ബെയ്ഗ്, അജ്രാഖ് ബ്ലോക്ക് പ്രിന്റുകള്‍ ഇന്‍-ഹൗസ് ടസര്‍, ജംദാനി, തനെയ്റ വിവാഹ ശേഖരമായ അനന്യ എന്നിവയും പ്രദര്‍ശനത്തിനുണ്ട്. തുണിത്തരങ്ങള്‍, റെഡി-ടു-വെയര്‍ ബ്ലൗസുകള്‍, സ്റ്റോളുകള്‍, ദുപ്പട്ടകള്‍ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.
സ്വാഭാവിക തുണിത്തരങ്ങളുടെയും ഇന്ത്യന്‍ കരവിരുതിന്റെയും ഗുണമേന്മയും ആധികാരികതയും ഉറപ്പാക്കുന്നതിനായി തനെയ്റ രാജ്യത്തെങ്ങും ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ബംഗളുരുവിലും ഡല്‍ഹിയിലും രണ്ട് സ്റ്റോറുകള്‍ തുടങ്ങിയതിനുശേഷം ഈയിടെ ഹൈദരാബാദിലും തനെയ്റ സ്റ്റോര്‍ തുറന്നു. മികച്ച ഷോപ്പിംഗ് അനുഭവത്തിനൊപ്പം റെഡി ടു വെയര്‍ ബ്ലൗസുകള്ക്കായി പരിപൂര്‍ണമായ സ്റ്റൈല്‍ സ്റ്റുഡിയോയും അളവ് ശരിയാക്കുന്നതിനും തയ്യല്‍ സേവനത്തിനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.