ശില്പ സാറ സാം
എല്ലാ കൂട്ടായ്മകളും പൊതുവായി നേരിടുന്ന ഒരു ആഗോളപ്രശ്നത്തെ പറ്റി സൂചിപ്പിക്കുക മാത്രം ചെയ്യാതെ അതിനുള്ള പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു ലീഡര്‍ഷിപ്പ് ഗൈഡ് ആണ് റാസ്മസ് ഹൂഗാര്ഡും ജാക്വലിന് കാര്‍ട്ടറും ചേര്‍ന്ന് എഴുതിയ ദി മൈന്‍ഡ് ഓഫ് ദ ലീഡര്‍ എന്ന പുസ്തകം. അന്താരാഷ്ട്ര വേദികളില്‍ ലീഡര്‍ഷിപ്പ് ട്രൈയിനിങ് നല്കുന്ന പൊട്ടന്‍ഷ്യല്‍ പ്രോജക്ട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് റാസ്മസ് ഹൂഗാര്ഡ്. അതിന്റെ പാര്‍ട്ണറും നോര്‍ത്ത് അമേരിക്കന്‍ ശാഖയുടെ ഡയറക്ടറുമാണ് സഹഎഴുത്തുകാരിയായ ജാക്വലിന് കാര്‍ട്ടര്‍. നാം കണ്ടുപരിചയിച്ച ലീഡര്‍ഷിപ്പ് ബുക്കുകളില്‍ നിന്നും വ്യത്യസ്ഥമായി വേറിട്ടവഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകമായിട്ടാണ് ആഗോളതലത്തില്‍ ദി മൈന്‍ഡ് ഓഫ് ദ ലീഡര്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെയാകാം ഈ മേഖലയെ ഗൗരവകരമായി കാണുന്നവരുടെ ഇഷ്ടപുസ്തകങ്ങളിലൊന്നായി ഇത് മാറിയതും.
നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ, ഒരുഘട്ടം കഴിയുമ്പോള്‍ ഓര്‍ഗനൈസേഷനുകളുടെ വളര്‍ച്ചയെ പിന്നിലേയ്ക്ക് വലിയ്ക്കുന്ന നിരവധി കാരണങ്ങളെ ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. കേവലം ഉപജീവനമാര്‍ഗം എന്നതിലുപരി തൊഴിലിടങ്ങള്‍ ഒരു വ്യക്തിയുടെ കഴിവിനെ മാനിയ്ക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുമായ ഇടമായി മാറണം. ആ മാറ്റത്തിന് തുടക്കം കുറിയ്ക്കാന്‍ ഒരു യഥാര്ത്ഥനേതാവിന് മാത്രമേ സാധിക്കു. അത്തരത്തില്‍ ദി മൈന്‍ഡ് ഓഫ് ദ ലീഡര്‍ എന്ന പുസ്തകം ഒരു പാഠ്യപദ്ധതി തന്നെയാണെന്ന് പറയാം. ശക്തമായ ഒരു തൊഴില്‍ ശക്തിയെ അപൂര്‍വമായ മൂന്ന് തലങ്ങളിലൂടെ എങ്ങനെ കെട്ടിപ്പടുക്കാം എന്ന പഠനമാണ് ദി മൈന്‍ഡ് ഓഫ് ദ ലീഡര്‍. സൂക്ഷ്മത, നിസ്വാര്‍ത്ഥത, ദീനാനുകമ്പ എന്ന മൂന്ന് ഗുണങ്ങള്‍ നേതൃത്വഗുണവുമായി ബന്ധപ്പെടുത്തി ഇവര്‍ പറയുന്നു. ഇവ ഈ മേഖലയില്‍ അധികം കേട്ടിട്ടുള്ളതല്ലെങ്കിലും ഇവിടെ ഗ്രന്ഥകര്‍ത്താക്കള്‍ ഈ ടേമുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
ഒരു കമ്പനി ടാര്‍ഗറ്റ് എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രം ഊന്നി മുന്നോട്ടുപോയാല്‍ അതുമൂലം വിപരീതഫലം മാത്രമാകും ഉണ്ടാകുക എന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തില്‍ അടിവരയിട്ട് പറയുന്നു. അത് ലീഡറിന്റെ മാത്രമല്ല സഹപ്രവര്‍ത്തകന്റേയും വളര്‍ച്ചയെ ബാധിയ്ക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ സഹപ്രവര്‍ത്തകരുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നത് ഒരു നല്ല നേതാവിന്റെ ലക്ഷണമല്ല എന്ന് ഈ പുസ്തകം പറയുമ്പോള്‍ നമ്മള് അതിശയിച്ചേക്കാം. മാനവിക മൂല്യങ്ങളെ നിഷ്ഫലമാക്കിക്കൊണ്ട് സ്വാര്ത്ഥതാല്പര്യങ്ങല്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുകയാണോ ഈ എഴുത്തുകാര്‍ എന്ന് നാം കരുതിയേക്കാം. എന്നാല്‍ സഹപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയല്ല, അതിന് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അവരെകൊണ്ടുതന്നെ ആ പ്രശ്നം പരിഹരിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവെന്നാണ് ദി മൈന്‍ഡ് ഓഫ് ദ ലീഡര്‍ പറയുന്നത്. എങ്കില്‍ മാത്രമേ അയാള്‍ക്ക് സ്വന്തം കഴിവുകളില്‍ വിശ്വാസമുണ്ടാകുകയുള്ളു എന്ന് ഈ പുസ്തകം പറയുന്നു. അതല്ലായെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകന്റെ/ സഹപ്രവര്‍ത്തകയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്.
പരമ്പരാഗതമായി നാം പിന്തുടര്ന്ന് പോകുന്നത് ടോപ്- ഡൗണ്‍ ലീഡര്‍ഷിപ്പ് ശൈലിയാണ്. അതിന്റെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പുസ്തകമാണ് ദി മൈന്‍ഡ് ഓഫ് ദ ലീഡര്‍. അലസതല്പരരായ ജീവനക്കാരെ കൈപിടിച്ച് മുന്നോട്ടുനയിക്കാനും അവരുടെ കഴിവിനെ പരമാവധി വിനിയോഗിക്കാനുമുള്ള മാര്‍ഗങ്ങളാണ് ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തിലൂടെ നിര്‍ദ്ദേശിക്കുന്നത്.